മോദിയുമായും ഇന്ത്യൻ സർക്കാറുമായും ട്രംപിന് നല്ല ബന്ധം, അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല -ശശി തരൂർ
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്‍റായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരണവുമായി കോൺഗ്രസ് എം.പിയും പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ശശി തരൂർ. ട്രംപ് മുൻ തവണത്തേതിനു സമാനമായ നിലപാട് തന്നെയാകും ഇത്തവണയും സ്വീകരിക്കുകയെന്നും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും തരൂർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
“ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ട്രംപ് അടുത്ത യു.എസ് പ്രസിഡന്‍റാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നേരത്തെ നാല് വർഷം ട്രംപ് പ്രസിഡന്‍റായിരുന്ന അനുഭവം നമുക്കുണ്ട്. ഇത്തവണയും അതിൽനിന്ന് വലിയ മാറ്റമുണ്ടാകില്ല. അദ്ദേഹം മികച്ച നേതാവാണ്. മോദിയുമായും ഇന്ത്യൻ സർക്കാറുമായും നല്ല സൗഹാർദമാണ് ട്രംപിനുള്ളത്. എന്നാൽ വ്യാപര നയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണ്.
ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തിയാൽ സമാനമായ രീതിയിൽ ട്രംപ് അഡ്മിനിസ്ട്രേഷനും പ്രതികരിച്ചേക്കാം. ചൈനക്കെതിരെ അദ്ദേഹം ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. എന്നാൽ അത് ഇന്ത്യയെ ബാധിക്കില്ല. കാനഡയുമായുള്ള പ്രശ്നത്തിൽ ഇതുവരെ ട്രംപ് പ്രതികരിച്ചിട്ടില്ല. അതിൽ വ്യക്തിപരമായി എന്തെങ്കിലും നിലപാട് അദ്ദേഹം സ്വീകരിക്കുമെന്ന് കരുതുന്നില്ല” -തരൂർ പറഞ്ഞു.
അതേസമയം നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.