അനുനയ നീക്കം പൊളിച്ച് തരൂർ; രാഹുലിനെ കണ്ടിട്ടും നിലപാടിലുറച്ച് തന്നെ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അനുനയനീക്കവും പൊളിച്ച് ശശി തരൂർ. തന്റെ ലേഖനത്തെ വീണ്ടും ന്യായീകരിച്ച ശശി തരൂർ കേരള സർക്കാറിനുള്ള പ്രശംസ ഡേറ്റകളുടെ അടിസ്ഥാനത്തിലാണെന്ന് ആവർത്തിച്ചു. ആ ഡേറ്റകൾ ഒന്നും സി.പി.എമ്മിന്റേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലുമായുള്ള കൂടിക്കാഴ്ചക്കുശേഷവും നിലപാടിൽനിന്ന് താൻ അണുവിട മാറിയിട്ടില്ലെന്നാണ് തരൂർ വ്യക്തമാക്കിയത്.
വിവാദ പ്രസ്താവനകളിലൂടെ കോൺഗ്രസിനെ സംസ്ഥാനത്തും ദേശീയതലത്തിലും വെട്ടിലാക്കിയതിനെ തുടർന്നായിരുന്നു രാഹുൽ ഗാന്ധിയുടെ അനുനയനീക്കം. രാഹുലിനെ ഒറ്റക്ക് കാണാനാവാത്തതിലുള്ള തരൂരിന്റെ പരാതി ഇതോടെ തീർന്നുവെന്ന നിലക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും എല്ലാം കൂളാണെന്നുമാണ് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞത്.
എന്നാൽ, ഉന്നയിച്ച വിഷയങ്ങളിലും എഴുതിയ ലേഖനത്തിലും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ അവലംബിച്ച ഡേറ്റകളുടെ ഉറവിടങ്ങൾ ഏതൊക്കെയെന്ന് തന്റെ ലേഖനത്തിൽതന്നെ എഴുതിയിട്ടുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. ഇനി വേറെ ഉറവിടങ്ങളിൽനിന്ന് വേറെ ഡേറ്റ ലഭിച്ചാൽ അത് കാണാൻ താൻ തയാറാണ്. വിവരത്തിന്റെ അടിസ്ഥാനത്തിലേ എഴുതുകയുള്ളൂ. ആ വിവരത്തിന്റെ ഉറവിടങ്ങളിൽ ഒന്ന് ‘ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും’ മറ്റൊന്ന് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങും’ ആണ്. ഇവ രണ്ടും സി.പി.എമ്മിന്റേതല്ല. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്’ കേന്ദ്ര സർക്കാറിന്റേതും ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ട്’ അന്താരാഷ്ട്ര മേഖലയിൽ നിന്നുമുള്ളതുമാണെന്നും ശശി തരൂർ വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐയുടെ ക്ഷണം ലഭിച്ച കാര്യവും തരൂർ സ്ഥിരീകരിച്ചു. അവർ വന്നപ്പോൾ ആ ദിവസങ്ങളിൽ ഒഴിവില്ലെന്ന് പറഞ്ഞതാണെന്നും തരൂർ പറഞ്ഞു.
രാഹുൽ ഗാന്ധിയുമായുള്ള തന്റെ കൂടിക്കാഴ്ച തങ്ങളിരുവരും മാത്രമുള്ളതായിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തരൂർ മറുപടി നൽകി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണോ എന്ന ചോദ്യത്തിൽനിന്ന് ‘ഒരു പ്രശ്നവുമില്ല’ എന്ന് മാത്രം പറഞ്ഞ് തരൂർ ഒഴിഞ്ഞുമാറി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നുവെന്നും കൂടുതൽ പറയാനില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.