കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നേതാക്കൾ വിവേചനപരമായി പെരുമാറുന്നെന്ന് തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥികളോട് ഭാരവാഹിസ്ഥാനങ്ങൾ വഹിക്കുന്ന പാർട്ടിനേതാക്കൾ വിവേചനപരമായി പെരുമാറുന്നുണ്ടെന്ന് ശശി തരൂർ. തന്റെ എതിർസ്ഥാനാർഥി മല്ലികാർജുൻ ഖാർഗെക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിനുവേണ്ടി യോഗം വിളിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികൾക്കും തുല്യപരിഗണന നൽകുക എന്ന നയത്തിന് വിരുദ്ധമാണെന്ന് തരൂർ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ ഒരു കൂടിക്കാഴ്ചക്കുപോലും പി.സി.സി പ്രസിഡന്റുമാരടക്കം മുതിർന്ന നേതാക്കൾ തയാറായില്ല. എന്നാൽ, ഖാർഗെ ചെന്നപ്പോൾ ഊഷ്മളമായി സ്വീകരിച്ചു. വോട്ടർപട്ടിക വെച്ച് എല്ലാ വോട്ടർമാരെയും ബന്ധപ്പെടാൻതന്നെ കഴിയുന്നില്ല. നിരവധി പേരുടെ മേൽവിലാസമോ ഫോൺ നമ്പറോ വോട്ടർപട്ടികയിൽ ഇല്ല. അപൂർണമായ പട്ടികക്ക് ആരെയും കുറ്റപ്പെടുത്താനില്ല.
22 വർഷമായി തെരഞ്ഞെടുപ്പ് നടക്കാത്ത പാർട്ടിസംവിധാനത്തിൽ പാകപ്പിഴകൾ ഉണ്ടാകാതിരിക്കില്ല. മാറ്റത്തിനുവേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാത്ത വോട്ടർമാരെ തിരികെ പാർട്ടിയിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഡൽഹി പി.സി.സിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ശശി തരൂർ പറഞ്ഞു.
എതിർ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയോട് ശത്രുതാപരമായല്ല, സൗഹാർദപരമായാണ് മത്സരിക്കുന്നത്. പാർട്ടി ശക്തിപ്പെടുത്താൻ രണ്ടു കോൺഗ്രസ് അംഗങ്ങൾ മത്സരിക്കുകയാണ് ചെയ്യുന്നത്. നെഹ്റു കുടുംബവുമായുള്ള അടുപ്പംകൊണ്ട് ഖാർഗെയാണ് ശരിയായ സ്ഥാനാർഥിയെന്ന് ചിലർ ചിന്തിക്കുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാടാണ് തങ്ങൾക്കെന്ന് നെഹ്റു കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.