ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് ശശി തരൂരിനെ മാറ്റി
text_fieldsഡൽഹി: പാർലമെന്റ് ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് ശശി തരൂർ എം.പിയെ മാറ്റി. തരൂരിനെ മാറ്റണമെന്ന് ബി.ജെ.പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശിവസേന നേതാവ് പ്രതാപ് റാവു ജാദവ് ആണ് പുതിയ ചെയർമാൻ.
ആഭ്യന്തര കാര്യം, ശാസ്ത്ര-സാങ്കേതികം ഉൾപ്പെടെയുള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റിയിട്ടുണ്ട്. ബി.ജെ.പി രാജ്യസഭ എം.പി ബ്രിജ് ലാൽ ആണ് പുതിയ അഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കോൺഗ്രസ് എം.പി അഭിഷേക് സിങ് വി ആയിരുന്നു സ്ഥാനം വഹിച്ചിരുന്നത്. വിദ്യാഭ്യാസം, കായികം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ബി.ജെ.പി എം.പി വിവേക് താക്കൂറിനെയും തെരഞ്ഞെടുത്തു. ശാസ്ത്ര സാങ്കേതികം, വനം പരിസ്ഥിതി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനായി കോൺഗ്രസ് എം.പി ജയറാം രമേശ് തുടരും.
തരൂരിനെ ചെയർപേഴ്‌സൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ നേരത്തെ തന്നെ കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ നീക്കുന്നതെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. വിഷയത്തിൽ ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി സ്പീക്കർ ഓം ബിർളക്കടക്കം കത്തയക്കുകയും ചെയ്തിരുന്നു.
നേരത്തെ, സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന്റെ പേരിൽ ഇന്ത്യയിലെ ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗ്ൾ പ്രതിനിധികളെ തരൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ ലഭിക്കാൻ ട്വിറ്ററിന് മേൽ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ കമ്പനി പ്രതിനിധിയെ വിളിച്ചുവരുത്തി കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചെയർമാൻ പദവിയിൽനിന്ന് തരൂരിനെ നീക്കണമെന്ന് സമിതിയിലെ ബി.ജെ.പി അംഗങ്ങൾ ആവശ്യമുന്നയിച്ചത്. കമ്മിറ്റിയിൽ ലോക്സഭയിൽനിന്ന് 20 അംഗങ്ങളും രാജ്യസഭയിൽനിന്ന് നാലു പേരുമാണുള്ളത്. പാനലിലെ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ നിരവധി തവണ തരൂരിനെതിരെ കേന്ദ്രസർക്കാറിന് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.