വാക്സിൻ സൗജന്യമാക്കണം; രോഗക്കിടക്കയിൽ നിന്ന് ശശിതരൂരിന്റെ വിഡിയോ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വാക്സിൻ നയത്തെ വിമർശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാക്സിൻ നയത്തിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം തയാറാകണം. വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണമെന്നും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്റർ വിഡിയോയിലൂടെ പറഞ്ഞു.
'ഞാൻ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ല. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെ ഇത് നടപ്പാക്കുമെന്നതിൽ എനിക്ക് അത്ഭുതമുണ്ട്' -തരൂർ പറഞ്ഞു.
നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനായി സര്‍ക്കാറിന്‍റെ വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ പിന്തുണക്കുന്നു. അമിത നിരക്കില്‍ വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സർക്കാറുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് തുടക്കം മുതലുള്ള തന്റെ നയം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം കോവിഡ് മുക്തമാകാൻ എല്ലാവര്‍ക്കും സൗജന്യമായ വാക്‌സിന്‍ നല്‍കുന്ന നയമാണ് വേണ്ടത്. രോഗക്കിടക്കയിൽ താൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചു. അതിന്‍റെ ഒരംശം പോലുമോ അതിനേക്കാള്‍ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത് -ശശി തരൂര്‍ പറഞ്ഞു.
My message from my Covid sickbed: #SpeakUpForFreeUniversalVaccination pic.twitter.com/JjKmV5Rk71
— Shashi Tharoor (@ShashiTharoor) June 2, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.