ലോക്ഡൗണിൽ പലായനം ചെയ്ത തൊഴിലാളികളെ സഹായിക്കാതെ കേന്ദ്രസർക്കാർ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നു -ശശി തരൂർ എം.പി
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ പണിയും വരുമാനവുമില്ലാതായി തൊഴിലാളികൾ നാട്ടിലേക്ക് പലായനം ചെയ്തപ്പോൾ, അവർക്ക് പിടിച്ചു നിൽക്കാൻ ധനസഹായമോ മറ്റു പിന്തുണയോ നൽകാൻ തയാറാകാത്ത കേന്ദ്രസർക്കാർ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് അപലപനീയമാണെന്ന് ബജറ്റ് ചർച്ചയിൽ ശശി തരൂർ എം.പി. കോവിഡ് ലോക്ഡൗൺ ലംഘിച്ച് വീടുവിട്ട് നാട്ടിലേക്ക് പോകാൻ തൊഴിലാളികളെ ഇളക്കിവിട്ടു എന്നതടക്കം, പ്രധാനമന്ത്രി നടത്തിയ അനുചിത പരാമർശങ്ങളിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ലോക്ഭയിൽ അമർഷം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാതെ സർക്കാറിന്റെ വീഴ്ചകൾക്ക് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് വിവിധ നേതാക്കൾ പറഞ്ഞു.
ബജറ്റ് ചർച്ചയുടെ തുടക്കത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ഇല്ലാത്തതിനെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കോടെയാണ് ബജറ്റ് ചർച്ച തുടങ്ങിയത്. ധനമന്ത്രി ഇന്ത്യ ടുഡേയുടെ ബജറ്റ് കോൺക്ലേവിൽ പങ്കെടുക്കാൻ പോയത് പാർലമെന്റിനോടുള്ള അനാദരമാണെന്ന് ഡി.എം.കെയിലെ ദയാനിധി മാരൻ കുറ്റപ്പെടുത്തി.
കോവിഡ് പെരുകാനും ലോക്ഡൗൺ കാലത്ത് തൊഴിലാളികളുടെ പലായനത്തിനും പ്രതിപക്ഷമാണ് ഉത്തരവാദിയെന്നാണ് നരേന്ദ്ര മോദി ആരോപിച്ചത്. പ്രതിപക്ഷം ജനങ്ങളോട് പാപം ചെയ്തു. ആപത്തു കാലത്ത് ക്രിയാത്മകമായി ഒന്നും ചെയ്തില്ല. മുൻകരുതൽ എടുക്കാൻ ജനങ്ങളെ ബോധവത്കരിക്കേണ്ട നേരത്ത് അവരുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു പ്രയോജനവും ഉണ്ടായില്ല -മോദി പറഞ്ഞു.ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതായിരുന്നു പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും കാഴ്ചയെന്ന് മോദി കുറ്റപ്പെടുത്തി. മനുഷ്യർ കഷ്ടപ്പെട്ട മഹാമാരിക്കാലത്ത് കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചു. ലോക്ഡൗണിന്റെ നാളുകളിൽ 'എവിടെയാണോ, അവിടെ കഴിയുക' എന്ന് ലോകാരോഗ്യ സംഘടന ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ കോൺഗ്രസ് ചെയ്തതെന്താണ്? മുംബൈ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾക്ക് ടിക്കറ്റെടുത്തു കൊടുത്ത് നാട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. നാട്ടിൽ പോയി കൊറോണ പരത്തുക എന്ന മട്ടിലായിരുന്നു പെരുമാറ്റം. ഡൽഹിയിലെ സർക്കാർ ജീപ്പിൽ മൈക്ക് കെട്ടി ചേരികളിൽ ചെന്ന് വിളിച്ചു പറഞ്ഞു. വീട്ടിൽ പൊയ്ക്കൊള്ളാൻ ഉപദേശിച്ച് ബസ് ഏർപ്പാടാക്കി കൊടുത്തു. കൊറോണ അത്ര തീവ്രമല്ലാതിരുന്ന യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും ഇതുമൂലം വൈറസ് വേഗം പടർന്നു.
കോവിഡ് കാലത്ത് ലോകത്ത് അതിവേഗം വളർന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണ്. കാർഷിക ഉൽപാദനം റെക്കോഡിട്ടു. നിരവധി രാജ്യങ്ങൾ ഭക്ഷ്യക്ഷാമം അനുഭവിച്ചപ്പോൾ ഇന്ത്യ ഒരാളെയും പട്ടിണി കിടന്നു മരിക്കാൻ അനുവദിച്ചില്ല. 80 കോടി പേർക്ക് അന്നും ഇന്നും സൗജന്യ റേഷൻ നൽകുന്നു.
കൊറോണ മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് ചിലർ വിചാരിച്ചു. കോവിഡ് കെടുതിക്കിടയിൽ രാഷ്ട്രീയം കളിച്ചു. പക്ഷേ, ഈ രാജ്യവും ജനങ്ങളും നിങ്ങളുടേതു കൂടിയല്ലേ? ജനങ്ങളുടെ ദുഃഖവും സന്തോഷവും നിങ്ങളുടേതു കൂടിയല്ലേ? ജനങ്ങളോട് ജാഗ്രത പാലിക്കാൻ പറഞ്ഞ എത്ര ജനപ്രതിനിധികളുണ്ട്? അങ്ങനെ പറഞ്ഞാൽ മോദിക്കും ബി.ജെ.പി സർക്കാറിനും എന്തു മെച്ചമാണ് കിട്ടുക? കോൺഗ്രസിന്റെ ഈ സ്വഭാവം മൂലം താൻ മാത്രമല്ല, രാജ്യമാകെ മടുത്തു. കോൺഗ്രസിനെ ജനം വർഷങ്ങളായി പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്. 1988ലാണ് നാഗാലൻഡ് ഏറ്റവുമൊടുവിൽ കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്തത്, ഒഡിഷ, ഗുജറാത്ത്, യു.പി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ത്രിപുര, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ കോൺഗ്രസിന് അധികാരം കൊടുത്തത് എത്ര പതിറ്റാണ്ടു മുമ്പാണ്? കോൺഗ്രസ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന ഉണ്ടാക്കിയിട്ട് അവിടെ ജയിക്കാനും കഴിഞ്ഞില്ല. ഇങ്ങനെ ജനം പുറന്തള്ളുകയാണെങ്കിലും കോൺഗ്രസിന് അഹങ്കാരം തീർന്നിട്ടില്ല -മോദി പറഞ്ഞു.
ലോക്ഡൗൺ കാലത്ത് അന്തർസംസ്ഥാന തൊഴിലാളികൾ അനുഭവിച്ച കടുത്ത ദുരിതത്തിന് മോദിസർക്കാറിനെ പ്രതിപക്ഷം നിരന്തരം വിമർശിക്കുമ്പോൾ തന്നെയാണ് പ്രധാനമന്ത്രിയുടെ വ്യാഖ്യാനം. മുന്നറിയിപ്പില്ലാതെ ചുരുങ്ങിയ മണിക്കൂറുകൾകൊണ്ട് ലോക്ഡൗൺ നടപ്പാക്കിയതു മൂലം അന്തർസംസ്ഥാന തൊഴിലാളികൾ വലഞ്ഞതും കൂട്ടപലായനം നടന്നതും സർക്കാറിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.