'ഹിന്ദുത്വ വർഗീയ വാദികൾ ഇന്ത്യയെ ബഹിഷ്കരിക്കട്ടെ'; തനിഷ്ഖിെൻറ പരസ്യത്തെ പിന്തുണച്ച് തരൂർ
text_fieldsന്യൂഡൽഹി: ഹിന്ദു മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിൻെറ കഥ പറയുന്ന പരസ്യം ഒരുക്കിയതിനെത്തുടർന്ന് ബഹിഷ്കരണ ഭീഷണി നേരിട്ട തനിഷ്ഖ് ജ്വല്ലറിക്ക് പിന്തുണയുമായി ശശി തരൂർ എം.പി. ഹിന്ദു-മുസ്ലിം ഐക്യം അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ വർഗീയവാദികൾ ബഹിഷ്കരിക്കേണ്ടത് ഇന്ത്യയെ ആണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
''ഹിന്ദു-മുസ്ലിം ഐക്യത്തെ പരസ്യത്തിലൂടെ പിന്തുണക്കുന്നു എന്ന കാരണം പറഞ്ഞ് ഹിന്ദുത്വ വർഗീയ വാദികൾ 'തനിഷ്ഖ്' ജ്വല്ലറിയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നു!!
ഹിന്ദു-മുസ്ലിം ഐക്യം ഈ വർഗീയ വാദികളെ ഇത്ര അലോസരപ്പെടുത്തുന്നവെങ്കിൽ അവർ ബഹിഷ്കരിക്കേണ്ടത് ഹിന്ദു-മുസ്ലിം ഐക്യത്തിെൻറ എക്കാലത്തെയും പ്രതീകമായ ഇന്ത്യയെത്തന്നെയല്ലേ'' -തരൂർ ട്വീറ്റ് ചെയ്തു.
ടൈറ്റാൻ ഗ്രൂപ്പിൻെറ കീഴിലുള്ളതാണ് തനിഷ്ഖ് ജ്വല്ലറി. ദക്ഷിണേന്ത്യക്കാരിയെന്ന് തോന്നിക്കുന്ന മരുമകളുടെ ഹൈന്ദവാചര പ്രകാരമുള്ള ചടങ്ങുകളിൽ മുസ്ലിം കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാൽ പരസ്യം ലവ് ജിഹാദും വ്യാജ മതേതരത്വവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ചിലർ ബോയ്കോട്ട് തനിഷ്ഖ് എന്ന പേരിൽ ഹാഷ്ടാഗ് കാമ്പയിൻ ആരംഭിച്ചു. വൈകാതെ ഇത് ട്വിറ്ററിൽ ട്രെൻഡിങ്ങുമായി മാറി. പരസ്യം നിരോധിക്കണമെന്നും ജ്വല്ലറി ബ്രാൻഡ് ബഹിഷ്കരിക്കണമെന്നുമാണ് ആഹ്വാനം.
ഒക്ടോബർ ഒമ്പതിനായിരുന്നു പരസ്യം റിലീസായത്. സീമന്ത ചടങ്ങിൻെറ ഭാഗമായി ഗർഭിണികൾക്ക് സ്വർണാഭരണങ്ങൾ, ഭക്ഷണം എന്നിവ നൽകുകയും അവരുടെ കൈകളിലും മുഖത്തും ചന്ദനം പുരട്ടുകയും ചെയ്യും. സുഖപ്രസവത്തിനും സന്തോഷ ജീവിതത്തിനും വേണ്ടിയാണിങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും സീമന്ത ചടങ്ങ് നടത്തി വരുന്നത്.
'സ്വന്തം മകളെപോലെ തന്നെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവൾ വിവാഹം കഴിഞ്ഞെത്തിയത്. അവൾക്കായി മാത്രം, സാധാരണയായി ആഘോഷിക്കാത്ത ചടങ്ങ് അവർ കൊണ്ടാടുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെ പാരമ്പര്യങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ മനോഹരമായ സംഗമം'- വിഡിയോയുടെ കൂടെ യൂട്യൂബിൽ പങ്കുവെച്ച വിശദീകരണ കുറിപ്പ് ഇങ്ങനെയായിരുന്നു.
പരസ്യചിത്രത്തിന് ലൈക്കിനേക്കാളേറെ ഡിസ്ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 2000ത്തിലേറെ പേർ ഡിസ്ലൈക്ക് അടിച്ചപ്പോൾ 545 പേർ മാത്രമാണ് ലൈക്കടിച്ചത്. കമൻറ് സെക്ഷൻ ഓഫ് ചെയ്തിരിക്കുകയാണ്. ഹിന്ദു-മുസ്ലിം മതമൈത്രി വിളിച്ചോതാൻ ശ്രമിച്ച സർഫ് എക്സലിൻെറ പരസ്യത്തിനെതിരെയും സമീപകാലത്ത് ഹിന്ദുത്വശക്തികൾ പ്രതിഷേധം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.