യുക്രെയ്ൻ: ഇന്ത്യ നടത്തിയത് ഞാണിന്മേൽകളി -തരൂർ
text_fieldsന്യൂഡൽഹി: യുക്രെയ്ൻ വിഷയത്തിൽ 'ഞാണിന്മേൽകളി' നിലപാടാണ് ഇന്ത്യയുടേതെന്ന് കോൺഗ്രസ് നേതാവും നയതന്ത്ര വിദഗ്ധനുമായ ശശി തരൂർ എം.പി. നയതന്ത്ര തലത്തിൽ സങ്കീർണമായ, വെല്ലുവിളി നിറഞ്ഞ സമയമാണിത്. മറ്റു രാജ്യങ്ങളോടുള്ള പലവിധ താൽപര്യങ്ങൾ നിമിത്തം ഞാണിന്മേൽകളി വേണ്ടി വരുന്നു -അദ്ദേഹം അഭിപ്രായപ്പെട്ടു.
യുക്രെയ്നെക്കുറിച്ച ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തരൂർ. ഇന്ത്യ നടത്തിയ ആദ്യ പ്രസ്താവനയിൽ റഷ്യയെ അസ്വസ്ഥമാക്കുന്ന എന്തെങ്കിലും പറയാൻ ഇന്ത്യ തയാറല്ലായിരുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നു കയറുകയും യു.എൻ പ്രമാണം ലംഘിക്കുകയും ചെയ്ത സംഭവം വഴി യുക്രെയ്ന് അനുകൂലമായി വലിയ ആഗോള പിന്തുണയാണ് ഉണ്ടായിരിക്കുന്നത്. കടന്നുകയറ്റം ഒരു രാഷ്ട്രവും അംഗീകരിക്കില്ല.
യു.എന്നിൽ നിന്ന് തുടർച്ചയായി വിട്ടുനിൽക്കേ ഇന്ത്യ നടത്തിയ തുടർ പ്രസ്താവനകളെ ഭരിച്ചതും പലവിധ താൽപര്യങ്ങളാണ്. സൈനികമായി ഇന്ത്യക്ക് റഷ്യയെയും പാശ്ചാത്യ ശക്തികളെയും ആശ്രയിക്കേണ്ടതുണ്ട്. അവരെ പ്രകോപിപ്പിക്കാൻ പാടില്ല. 'ക്വാഡി'ൽ ഇന്ത്യ അംഗമാണ്. ഇന്ത്യ-പസഫിക് മേഖലയിൽ അമേരിക്കൻ നിരീക്ഷണം ഒഴിവാകുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ല. യുക്രെയ്നിൽ നിന്ന് 23,000 വരുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പലവിധ വിഷയങ്ങൾക്കിടയിൽ ഞാണിന്മേൽകളി വേണ്ടി വന്നു. ഇന്ത്യയുടെ നിലപാടാകട്ടെ, മറ്റു പല രാജ്യങ്ങൾക്കും പ്രധാനവുമാണ്. യുക്രെയ്ൻ കാര്യത്തിൽ റഷ്യ കണക്കാക്കിയ പോലെ കാര്യങ്ങൾ നീങ്ങിയില്ലെന്നും തരൂർ പറഞ്ഞു.
യൂറോപ്പിൽ നിന്ന് ചോദ്യങ്ങളുയരുന്നു; സഹകരണം അനിവാര്യം -പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക ക്രമത്തിനു നേരെ യൂറോപ്പിൽ നിന്ന് ചോദ്യങ്ങളുയരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്നിലെ റഷ്യൻ അധിനിവേശം സൂചിപ്പിച്ച പ്രധാനമന്ത്രി, ഈ സാഹചര്യത്തിൽ ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ വിശാലമായ സഹകരണവും സമവായവും അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
ബിംസ്റ്റെക് വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിംസ്റ്റെക് സെക്രട്ടേറിയറ്റിന്റെ ബജറ്റിലേക്ക് ഒരു ദശലക്ഷം ഡോളറിന്റെ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ബംഗാൾ ഉൾക്കടൽ തീരത്തുള്ള ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.