മുന്നോട്ടുള്ള യാത്രയിൽ മംഗളങ്ങൾ; പ്രിയങ്ക ഗാന്ധിക്ക് ആശംസയുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത പ്രിയങ്ക ഗാന്ധിക്ക് ആശംസകൾ നേർന്ന് ശശി തരൂർ എം.പി. 'ലോക്സഭയിലെ ഏറ്റവും പുതിയ എം.പിയായ പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. കേരളത്തെയും വയനാടിനെയും പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ പ്രിയങ്കക്ക് വിജയാശംസകൾ നേരുന്നു'-എന്നാണ് ശശി തരൂർ എക്സിൽ കുറിച്ചത്. കേരളത്തിൽ നിന്നുള്ള ഏക വനിത എം.പിയാണ് പ്രിയങ്ക. രാഹുലിനൊപ്പം പ്രിയങ്കയും പാർലമെന്റിയത് കോൺഗ്രസിന് കരുത്താകും.
ഭരണഘടന കൈയിലേന്തിയാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമൊപ്പം കേരളീയ സാരിയിലാണ് പ്രിയങ്ക എത്തിയത്. ഭർത്താവ് റോബർട്ട് വദ്രയും മക്കളും സുഹൃത്തുക്കുളും സത്യപ്രതിജ്ഞ കാണാൻ പാർലമെന്റിലെത്തിയിരുന്നു.
വയനാടിനുള്ള സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന സമരത്തിലും പ്രിയങ്ക പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.
പ്രിയങ്കയുടെ കന്നിപ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും. ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന്റെ വിജയപത്രം പ്രിയങ്കക്ക് കൈമാറിയിരുന്നു. വോട്ടർമാർക്ക് നന്ദി അറിയിക്കാനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും. ഉപതെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്.
എം.എല്‍.എമാരായ ടി.സിദ്ദീഖ്, എ.പി.അനില്‍കുമാര്‍, പി.കെ.ബഷീര്‍, ഐ.സി. ബാലകൃഷ്ണൻ, വയനാട്, കോഴിക്കോട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാർ, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിനിധികളുമടങ്ങിയ സംഘമാണ് വയനാട് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രിയങ്കക്ക് വിജയ പത്രം കൈമാറിയത്. സത്യപ്രതിജ്ഞാ ചടങ്ങിലും ഇവർ പങ്കെടുത്തു. വയനാട്ടിലെ വിജയപത്രം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും കൂടി പ്രതീകമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായത്തെക്കുറിച്ച് പ്രിയങ്ക പ്രതിനിധി സംഘവുമായി ചര്‍ച്ച ചെയ്തു. വിഷയം ലോക്സഭയിൽ ഉടൻ ഉന്നയിക്കുമെന്ന് പ്രിയങ്ക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.