കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ നേരിടേണ്ടത് തീരുമാനിക്കാനുള്ള അവസരം -തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ മത്സരമല്ലെന്നും മറിച്ച്, ബി.ജെ.പിയെ എങ്ങനെ നേരിടണമെന്ന് പാർട്ടി അംഗങ്ങൾക്ക് തീരുമാനിക്കാനുള്ള അവസരമാണെന്നും ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിലെ എതിരാളി മല്ലികാർജുൻ ഖാർഗെക്കുള്ള മറുപടിയായാണ് ശശി തരൂരിന്റെ പരാമർശം.
'നാമനിർദേശ പത്രിക സമർപ്പിച്ച് കഴിഞ്ഞ ശേഷം താൻ തരൂരുമായി സംസാരിക്കുകയും സമവായ സ്ഥാനാർഥിയാണ് നല്ലതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ തരൂരിന് മത്സരം വേണമെന്ന് നിർബന്ധമായിരുന്നു. ജനാധിപത്യത്തിൽ മത്സരം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്' - കഴിഞ്ഞ ദിവസം ഖാർഗെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഒരു സ്ഥാനാർഥി മത്സരം വേണമെന്ന് തീരുമാനിക്കുമ്പോൾ എനിക്ക് എങ്ങനെ അദ്ദേഹത്തെ തടയാനാകും. അതിനാൽ അദ്ദേഹം മത്സരത്തിലാണ്. അദ്ദേഹം എന്റെ അനുജനാണ്. ഇത് കുടുംബ കാര്യമാണ്. ഞങ്ങൾ ഇന്നും നാളെയുമെല്ലാം ഐക്യത്തോടെ തന്നെ തുടരും.- ഖാർഗെ പറഞ്ഞു.
കോൺഗ്രസിലെ എല്ലാവരും പരസ്പരം മത്സരിക്കുകയല്ല, ബി.ജെ.പിയെ നേരിടുകയാണ് വേണ്ടെതെന്ന് ഖാർഗെ പറഞ്ഞതിനോട് താനും യോജിക്കുന്നുവെന്ന് തരൂർ ട്വീറ്റിൽ പറഞ്ഞു. അത് ഏറ്റവും ഫലപ്രദമായി നടപ്പാക്കാനുള്ള അവസരമാണ് പാർട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ, കോൺഗ്രസ് മാറേണ്ടതുണ്ടെന്നും ഖാർഗെ നിലവിലുള്ള സംവിധാനത്തിന്റെ തുടർച്ചയായ സ്ഥാനാർഥിയാണെന്നും തരൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.