ശശികല 27ന് ജയിൽമോചിതയാവുന്നു
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജയലളിതയുടെ സഹായി ശശികലയുടെ ജയിൽമോചനം അണ്ണാ ഡി.എം.കെയിൽ ആഭ്യന്തര കലഹത്തിന് വഴിതെളിച്ചേക്കും. ശശികലക്ക് അനുകൂലമായും പ്രതികൂലമായും നേതാക്കൾ രംഗത്തെത്തി. അണ്ണാ ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ ഒന്നാംഘട്ട പ്രചാരണ പര്യടനം പുരോഗമിക്കവേയാണ് പാർട്ടി അണികളുടെ 'ചിന്നമ്മ' ജനുവരി 27ന് ജയിൽമോചിതയാവുന്നത്.
എടപ്പാടിയെ അനുകൂലിക്കുന്നവർ ശശികലക്കെതിരെ ശക്തമായ നിലപാടിലാണ്. അതേസമയം, ജയലളിതയുടെ മരണശേഷം ശശികല കുടുംബത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ച ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ മൗനം ചർച്ചയായിട്ടുണ്ട്. സംഘടനയിലും ഭരണത്തിലും എടപ്പാടിയും പന്നീർസെൽവവും തമ്മിൽ കിടമത്സരം നിലനിൽക്കേ, ശശികലക്കുവേണ്ടി നേതാക്കളിൽ ചിലർ രംഗത്തിറങ്ങിയത് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
അണ്ണാ ഡി.എം.കെ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഗോകുല ഇന്ദിര, ശശികലയെ പ്രകീർത്തിച്ച് രംഗത്തുവന്നിട്ടുണ്ട്. ജയലളിതക്കൊപ്പം ത്യാഗജീവിതം നയിച്ച ശശികലയെ അപമാനിക്കാനുള്ള ശ്രമത്തെ എതിർക്കുമെന്നാണ് മുതിർന്ന നേതാവായ ഗോകുല ഇന്ദിര പറഞ്ഞത്. അണ്ണാ ഡി.എം.കെയും ശശികലയുടെ സഹോദരിയുടെ മകൻ ടി.ടി.വി. ദിനകരൻ നയിക്കുന്ന 'അമ്മ മക്കൾ മുന്നേറ്റ കഴക'വും തമ്മിലുള്ള ഭിന്നത 'അമ്മ' മരണപ്പെട്ടശേഷം സഹോദരർ തമ്മിലുള്ള സ്വത്ത് തർക്കം പോലെയാണെന്ന് ക്ഷീര മന്ത്രി കെ.ടി. രാജേന്ദ്രബാലാജി പറഞ്ഞു. ജയിലിൽനിന്ന് ഇറങ്ങിയാൽ അണ്ണാ ഡി.എം.കെയെ പിന്തുണക്കുന്ന നിലപാടാവും ശശികല സ്വീകരിക്കുക.
ഡി.എം.കെ അധികാരത്തിലേറുന്നത് തടയാൻ ശശികലയെയും കൂടെ കൂട്ടണമെന്ന് ആർ.എസ്.എസ് സൈദ്ധാന്തികനും തുഗ്ലക് തമിഴ് വാരിക പത്രാധിപരുമായ എസ്. ഗുരുമൂർത്തി അഭിപ്രായപ്പെട്ടു. ചെന്നൈയിൽ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡ പെങ്കടുത്ത ചടങ്ങിലാണ് ഗുരുമൂർത്തിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.