രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശത്രുഘ്നൻ സിൻഹ; 2024 തെരഞ്ഞെടുപ്പ് പ്രവചനം ഇങ്ങനെ...
text_fieldsകൊൽക്കത്ത: ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേതൃത്വ പാടവം തെളിയിച്ചതായി തൃണമൂൽ കോൺഗ്രസ് എം.പിയും നടനുമായ ശത്രുഘ്നൻ സിൻഹ.
തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച 3,570 കിലോമീറ്റർ യാത്ര, 2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 52 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്.
'ഭാരത് ജോഡോ യാത്രക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവം പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു, അദ്ദേഹത്തിന് ജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേട്ടം ഇരട്ടിയാക്കാൻ ഗാന്ധിയുടെ യാത്ര സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു' -സിൻഹ പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ 'രഥയാത്ര'കളിൽനിന്ന് വ്യത്യസ്തമായി രാഹുൽ ഗാന്ധി നടത്തുന്നത് യഥാർഥ അർഥത്തിലുള്ള യാത്രയാണ്. ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നു. അദ്ദേഹം നേതൃഗുണം തെളിയിച്ചു. ജനങ്ങൾ അദ്ദേഹത്തെ നേതാവായി അംഗീകരിച്ചു. 'പപ്പു' എന്ന് വിളിച്ച് പരിഹസിച്ചവരും ഗൗരവമായി കാണാത്തവരും തെറ്റായിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അസൻസോൾ ലോക്സഭ മണ്ഡലത്തിൽനിന്നാണ് സിൻഹ ടി.എം.സി ടിക്കറ്റിൽ ജയിച്ചത്. ബി.ജെ.പി നേതാക്കൾ ഗാന്ധിജിയെ കളിയാക്കുകയാണ്, എന്നാൽ ചങ്കൂറ്റമുണ്ടെങ്കിൽ അവരും കാൽനടയായി സമാന യാത്ര നടത്തട്ടെ. അടുത്ത തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ മാന്ത്രികത പ്രവർത്തിക്കും, അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 'കിങ് മേക്കറോ', 'കിങ്ങോ' ആകും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗെയിം ചേഞ്ചറാകും. കോൺഗ്രസും ടി.എം.സിയും തമ്മിൽ കൂടുതൽ അടുക്കും. 2014ലെ പ്രതിപക്ഷ മുഖം ആരെന്ന ചോദ്യത്തിന്, രാജ്യത്തെ ജനം ശരിയായ നേതാവിനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.