‘സംഘി’ എന്നത് മോശം വാക്കായി അവൾ പറഞ്ഞിട്ടില്ല; മകൾ ഐശ്വര്യയുടെ പ്രസ്താവനയിൽ വിശദീകരണവുമായി രജനികാന്ത്
text_fieldsചെന്നൈ: ‘സംഘി’ എന്നത് മോശം വാക്കായി മകൾ ഐശ്വര്യ പറഞ്ഞിട്ടില്ലെന്ന് നടൻ രജനികാന്ത്. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തമിഴ് സൂപ്പർ താരം. ഐശ്വര്യയുടെ വാക്കുകൾ ഏറെ ചർച്ചയായ സാഹചര്യത്തിലാണ് രജനികാന്തിന്റെ വിശദീകരണം.
‘എന്റെ മകൾ സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയ കാര്യങ്ങളിൽ ഏർപ്പെട്ട തന്റെ പിതാവിനെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവൾ ചോദിച്ചത്’ -രജനികാന്ത് പറഞ്ഞു.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത രജനികാന്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ‘സംഘി’ വിളികൾ വ്യാപകമായതിൽ അസ്വസ്ഥയായ ഐശ്വര്യ തന്റെ പിതാവ് സംഘിയല്ലെന്നും അങ്ങനെയൊരാൾക്ക് ‘ലാൽ സലാം’ പോലൊരു സിനിമ ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു പറഞ്ഞത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവെ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്ന ആളാണ് താനെന്നും എന്നാൽ ചില പോസ്റ്റുകൾ കാണുമ്പോൾ ദേഷ്യം വരുമെന്നും തങ്ങളും മനുഷ്യരാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തിരുന്നു.
'പൊതുവെ സമൂഹ മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നയാളാണ് ഞാൻ. പക്ഷെ എന്റെ ടീം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കാര്യങ്ങൾ എന്നെ അറിയിക്കാറുണ്ട്. കൂടാതെ ചില പോസ്റ്റുകൾ കാണിച്ചുതരും. അത് കാണുമ്പോൾ ദേഷ്യം വരും. കാരണം ഞങ്ങളും മനുഷ്യരാണ്. ഈ അടുത്ത കാലത്ത് എന്റെ അച്ഛനെ പലരും സംഘി എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതിനെക്കുറിച്ച് ഞാൻ ഒരാളോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് അവർ പറഞ്ഞു. ഈ അവസരത്തിൽ ഞാൻ ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ ലാൽ സലാം പോലൊരു ചിത്രം അദ്ദേഹം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ള ആൾക്ക് മാത്രമേ ഈ ചിത്രം ചെയ്യാനാകൂ'-എന്നിങ്ങനെയായിരുന്നു ഐശ്വര്യ രജനികാന്തിന്റെ വാക്കുകൾ.
ഐശ്വര്യ രജനികാന്താണ് 'ലാൽ സലാം' സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. വിഷ്ണു വിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജനി എത്തുന്നത്. 'മൊയ്ദീൻ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.