യു.പിയിൽ എട്ടുമാസം ഗർഭിണിയായ അധ്യാപികക്ക് തെര. ഡ്യൂട്ടി; ഒടുവിൽ കോവിഡ് ബാധിച്ച് ദാരുണാന്ത്യം
text_fieldsലഖ്നോ: കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ഉത്തർപ്രദേശിൽ എട്ടുമാസം ഗർഭിണിയായ അധ്യാപികയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ നഷ്ടമായത് രണ്ടു ജീവനുകൾ. ജോലി ലഭിച്ച് ആദ്യ ശമ്പളം കൈയിലെത്തുന്നതിന് മുേമ്പയാണ് 27കാരി കല്യാണി അഗ്രഹാരിക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
ഏപ്രിൽ 15നായിരുന്നു യു.പിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. എട്ടുമാസം ഗർഭിണിയായിരുന്ന കല്യാണിക്ക് ഒരിടത്തുതന്നെ ഇരുന്ന് ജോലി ചെയ്യാൻ പ്രയാസമായതിനാൽ ജില്ല ഭരണകൂടത്തെ സമീപിച്ചിരുന്നു. ഏപ്രിൽ ഒമ്പതിന് ഭർത്താവിനൊപ്പം പാട്യാല ഗ്രാമത്തിൽനിന്ന് 30കിലോമീറ്റർ സഞ്ചരിച്ചാണ് ജാൻപുർ വികാസ് ഭവനിലെത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. പ്രസവം അടുത്തിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുന്നത് പ്രയാസകരമായിരിക്കുമെന്നും ജില്ല ഭരണകൂടത്തെ അറിയിച്ചു. എന്നാൽ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ കല്യാണിക്കെതിരെ കേസെടുക്കുമെന്നും ശമ്പളം നഷ്ടപ്പെടുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് ജോലി ചെയ്യാൻ കല്യാണി നിർബന്ധിതയായി.
32 കിലോമീറ്റർ സഞ്ചരിച്ചാണ് കല്യാണി പോളിങ് സ്റ്റേഷനിലെത്തിയത്. ഏപ്രിൽ 14ന് തന്നെ കല്യാണി പരിശീലനത്തിനും മറ്റുമായി പോളിങ് സ്റ്റേഷനിലെത്തിയിരുന്നു. തുടർച്ചയായി 12 മണിക്കൂറോളം ഡ്യൂട്ടി നിർവഹിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തന്നെ കല്യാണിക്ക് ക്ഷീണവും അവശതയും തുടങ്ങിയിരുന്നു. രണ്ടു ദിവസത്തിന് ശേഷം പനിയും ആരംഭിച്ചു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 24ന് മഹിള ചികിത്സാലയത്തിൽവെച്ച് കല്യാണി മരിച്ചു. മൂന്നാം വിവാഹ വാർഷിക ആഘോഷത്തിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയായിരുന്നു മരണമെന്ന് ഭർത്താവ് ദീപക് ദ പ്രിന്‍റിനോട് പറഞ്ഞു. പരിശോധനയിൽ അവരുടെ കോവിഡ് ഫലം പോസിറ്റീവായിരുന്നുവെന്നും കുടുംബം പറഞ്ഞു.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തതിന് ശേഷം കോവിഡ് സ്ഥിരീകരിക്കുകയും ജീവൻ നഷ്ടമാകുകയും ചെയ്ത 135 അധ്യാപകരിൽ ഒരാൾ മാത്രമാണ് കല്യാണിയെന്ന് അധ്യാപക സംഘടനയായ രാഷ്ട്രീയ ശിക്ഷക് മഹാസംഘ് പറയുന്നു.
അധ്യാപകർ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കുകയും കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മരിക്കുകയുമായിരുന്നുവെന്ന് കുടുംബങ്ങൾ 'ദ പ്രിന്‍റി'നോട് പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച ഔേദ്യാഗിക രേഖകൾ ഇവരുടെ കൈകളിൽ ഇല്ല.
വ്യാഴാഴ്ചയായിരുന്നു യു.പിയിലെ അവസാന ഘട്ട വോട്ടെടുപ്പ്. മേയ് രണ്ടിന് ഫലമറിയും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിച്ചവരുടെ കൂട്ടത്തോടെയുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ അലഹബാദ് ഹൈകോടതി സംസ്ഥാന സർക്കാറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് സംബന്ധിച്ചായിരുന്നു നോട്ടീസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉടൻ നടത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഏപ്രിൽ 30ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവാണ് ഇതിന് നിർബന്ധിച്ചതെന്നുമായിരുന്നു യോഗി ആദിത്യനാഥ് സർക്കാറിന്‍റെ പ്രതികരണം. സംഭവത്തിൽ യു.പി വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കാൻ തയാറായില്ല.
അധ്യാപകർക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചതോടെ വോട്ടെണ്ണൽ ഡ്യൂട്ടി ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് അധ്യാപക സംഘടനകൾ. കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ 700ൽ അധികം അധ്യാപകർ കോവിഡ് ബാധിച്ച് മരിച്ചു. അതിനാൽ വോട്ടെണ്ണൽ നീട്ടിവെക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.