ഷീന ബോറ കേസ്: പീറ്റര്‍ മുഖര്‍ജി നിരപരാധിയെന്ന് മകന്‍െറ ട്വീറ്റ്
text_fieldsമുംബൈ: ഷീന ബോറ കൊലക്കേസില്‍ പ്രതിയായ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജി നിരപരാധിയാണെന്ന് അവകാശപ്പെട്ട് മകന്‍ രാഹുലിന്‍െറ ട്വീറ്റ്. രാഹുലുമായുള്ള വിവാഹം തടയാനാണ് ഷീനയെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐയുടെ കുറ്റപത്രം. പീറ്റര്‍ മുഖര്‍ജിയും ഷീനയുടെ മാതാവ് ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരുമാണ് കേസിലെ പ്രതികള്‍. മറ്റൊരു പ്രതി ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് മാപ്പുസാക്ഷിയായി. മൂവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് രാഹുലിന്‍െറ ട്വീറ്റ്.
കൊലക്കു പിന്നില്‍ സാമ്പത്തികമല്ല; ഇന്ദ്രാണിയുടെ താല്‍പര്യങ്ങളാണെന്നും അതില്‍ പീറ്റര്‍ മുഖര്‍ജിക്ക് പങ്കോ അറിവോ ഇല്ളെന്നുമാണ് രാഹുലിന്‍െറ അവകാശവാദം. മക്കളായ ഷീനയും മിഖായേലും തന്‍െറ സഹോദരങ്ങളാണെന്ന് മറ്റുള്ളവരെപ്പോലെ പീറ്ററെയും ഇന്ദ്രാണി പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് പീറ്ററോട് പറഞ്ഞിരുന്നുവെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ദ്രാണി നിഷേധിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറയുന്നു. മക്കളാണെന്ന് വെളിപ്പെടുത്തിയാല്‍ പിന്നീട് സാമ്പത്തിക സഹായമുണ്ടാകില്ളെന്നു പറഞ്ഞ് ഷീനയെയും മിഖായേലിനെയും ഇന്ദ്രാണി ഭീഷണിപ്പെടുത്തി. തന്‍െറ ഭൂതകാലവും സത്യവും വെളിപ്പെടുമെന്ന ഭീതിയില്‍ അസമില്‍ ചെന്ന് മാതാപിതാക്കളെ കാണുന്നതില്‍നിന്ന് ഇന്ദ്രാണി പീറ്ററെ തടയുകയായിരുന്നുവെന്നും രാഹുല്‍ അവകാശപ്പെടുന്നു. സൂത്രശാലിയായിരുന്നു ഇന്ദ്രാണി. താനുമായുള്ള ബന്ധം ഒഴിയാന്‍ ഷീന ഇന്ദ്രാണിയോട് സഹായവും പുറത്തുപോകാന്‍ പണവും ആവശ്യപ്പെട്ടെന്നത് നുണയാണ്. ഇത് സത്യമാണെന്നു വിശ്വസിപ്പിക്കാന്‍ ഷീനയുടെ മൊബൈലില്‍നിന്ന് പീറ്റര്‍ മുഖര്‍ജിയുടെ മൊബൈലിലേക്ക് ഇന്ദ്രാണി സന്ദേശങ്ങള്‍ അയച്ചു.
പീറ്ററെ മാത്രമല്ല, ഷീനയെ കുറിച്ച് അന്വേഷിച്ചവരെയൊക്കെ ഇതേ നുണകള്‍ പറഞ്ഞ് ഇന്ദ്രാണി വിശ്വസിപ്പിച്ചു. ഷീനയുടെ കൊലപാതകത്തെക്കുറിച്ചും പീറ്റര്‍ക്ക് അറിയുമായിരുന്നില്ല -രാഹുല്‍ കുറിച്ചു. കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാഹുല്‍ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.