ഷീന ബോറ കശ്മീരിൽ ജീവനോടെയിരിക്കുന്നു; അന്വേഷിക്കണമെന്ന് സി.ബി.ഐയോട് ഇന്ദ്രാണി മുഖർജി
text_fieldsന്യൂഡൽഹി: ഷീന ബോറ വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിലെ പ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖർജി. ഷീന ബോറ ഇപ്പോഴും ജീവനോടെയിരിക്കുന്നുവെന്നും സി.ബി.ഐ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് അവരുടെ ആവശ്യം. ജയിലിൽ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സി.ബി.ഐ ഡയറക്ടർക്ക് അയച്ച കത്തിൽ അവർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയിൽ ഹരജിയും അവർ നൽകിയിട്ടുണ്ട്. ഇത് വൈകാതെ പരിഗണിക്കുമെന്നാണ് സൂചന.
2015ൽ ഷീന ബോറ വധക്കേസിൽ അറസ്റ്റിലായതിന് ശേഷം ബൈക്കുള ജയിലിലാണ് ഇന്ദ്രാണി മുഖർജി കഴിയുന്നത്. ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളിയിരുന്നു. ജാമ്യത്തിനായി ഇന്ദ്രാണി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായി തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ കൊലപാതക കേസിന്‍റെ ചുരുളഴിയുന്നത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് വ്യക്തമായത്.
സി.ബി.െഎയും മുംബൈ പൊലീസും പറയുന്നതിനനുസരിച്ച് മക്കളായ ഷീനയേയും മിഖായേലിനേയും തന്‍റെ ഗുവാഹത്തിയിലുള്ള മാതാപിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു ഇന്ദ്രാണി. പിന്നീട് അമ്മയെക്കുറിച്ച് അറിഞ്ഞ് ഷീന മുംബൈയിലെത്തി. ഇവിടെ തന്‍റെ ഭർത്താവ് പീറ്റർ മുഖർജിക്ക് ഉൾപ്പടെ ഷീന ഇന്ദ്രാണിയെ പരിചയപ്പെടുത്തി. സഹോദരിയെന്ന രീതിയിലായിരുന്നു പരിചയപ്പെടുത്തി കൊടുത്തത്.
മുംബൈയിൽ വെച്ച് തനിക്ക് ഒരു വീട് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ഷീന ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തി. തുടർന്നായിരുന്നു കൊലപാതകം നടന്നത്. മുംബൈയിലെ ബാന്ദ്രയിൽ ഷീനയെ കൊലപ്പെടുത്തിയതിന് ശേഷം റായ്ഗഡിലേക്ക് മൃതദേഹം കൊണ്ടു പോയി നശിപ്പിക്കുകയായിരുന്നു. ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും കേസിൽ പ്രതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.