എവറസ്റ്റ് കീഴടക്കിയ ഷെയ്ക്ക് ഹസൻ ഖാൻ ഇനി മൗണ്ട് ദെനാലിയിലേക്ക്
text_fieldsന്യൂഡൽഹി: എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പർവതാരോഹകൻ ഷെയ്ക്ക് ഹസൻ ഖാൻ മൂന്നാം ഘട്ട പർവതാരോഹണ ദൗത്യവുമായി അലാസ്കയിലെ മൗണ്ട് ദെനാലിയിലേക്ക് പുറപ്പെടാനായി ഡൽഹിയിലെത്തി. തിങ്കാഴ്ച രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെടും. കൊടുമുടിയിൽ ഉയർത്താനുള്ള ഇന്ത്യൻ ദേശീയ പതാക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷെയ്ക്ക് ഹസൻ ഖാന് ശനിയാഴ്ച കേരള ഹൗസിൽ നടന്ന ചടങ്ങിൽ കൈമാറി.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്‍റെ ഭാഗമായി ആരംഭിച്ച ലോക പർവതാരോഹണ ദൗത്യത്തിലെ മൂന്നാമത്തെ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക. നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് ദെനാലി. ഇന്ത്യ- യു.എസ്. ഫ്രണ്ട്ഷിപ്പ് എക്സ്പെഡിഷൻ എന്ന് പേരിട്ടിരിക്കുന്ന പർവതാരോഹണ ദൗത്യ സംഘത്തിൽ ഖാനും യു.എസിൽ നിന്നുള്ള മൂന്നുപേരുമാണുള്ളത്.
മേയ് 22 ന് അലാസ്കയിലെ തൽക്കീത്നയിൽ നിന്നാണ് എക്സ്പെഡിഷൻ ആരംഭിക്കുക. 21 ദിവസം കൊണ്ട് എക്സ്പെഡിഷൻ പൂർത്തിയാക്കി ജൂൺ 11 ന് കൊടുമുടിയിറങ്ങും. ജൂൺ 22 ന് ഡൽഹിയിൽ തിരിച്ചെത്തും. യു.എസ്.എ യുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ അലാസ്കയിലാണ് ദെനാലി കൊടുമുടി. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പർവതങ്ങളിലൊന്നാണ്.
2021 ൽ നടത്തിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ എക്സ്പെഡിഷനോടെയാണ് ഖാൻ പർവതാരോഹകനാകുന്നത്. കഴിഞ്ഞ വർഷമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് എക്സെപ ഡിഷനാണ് അടുത്ത ദൗത്യം. അഞ്ച് വർഷം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും 195 രാജ്യങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുക എന്നതാണ് ഖാന്‍റെ ദൗത്യം.
18 ലക്ഷം രൂപ ചിലവ് വരുന്ന ദെനാലി എക്പെഡിഷന്‍റെ ഒരു ഭാഗം സപോൺസർ ചെയ്തിരിക്കുന്നത് ഖാൻ ബി.ടെക് പഠിച്ച പത്തനംതിട്ട മുസലിയാർ കോളജാണ്. സംസ്ഥാന ധനകാര്യ വകുപ്പിൽ അസി. സെക്ഷൻ ഓഫീസറായ ഷെയ്ക്ക് ഹസൻ ഖാൻ. പന്തളം കൂട്ടംവെട്ടിയിൽ അലി അഹ്മദ് ഖാന്‍റെയും ഷാഹിദയുടെയും മകനാണ്. ഖദീജ റാണി ഹമീദാണ് ഭാര്യ. മകൾ - ജഹനാര മറിയം ഷെയ്ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.