ഉരുക്കു വനിതയുടെ ഭരണ പരിണാമങ്ങൾ
text_fieldsരണ്ടുവർഷം മാറ്റിനിർത്തിയാൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി രണ്ടു സ്ത്രീകൾ മാറിമാറി ഭരണം കൈയാളിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. അവാമി ലീഗിന്റെ ശൈഖ് ഹസീനയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ ഖാലിദ സിയയുമാണ് ആ ഉരുക്കുവനിതകൾ. രാജ്യം സ്വാതന്ത്ര്യം നേടുമ്പോഴുണ്ടായ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കിടയിൽ യാദൃച്ഛികമെന്നോണം രാഷ്ട്രീയത്തിലെത്തിയ രണ്ടുപേർ. ആദ്യത്തെയാൾ രാഷ്ട്രപിതാവ് മുജീബുർറഹ്മാന്റെ മകൾ; രണ്ടാമത്തേയാൾ മുൻ പ്രസിഡൻറ് സിയാഉർറഹ്മാന്റെ വിധവ.
‘പോരാടുന്ന ബീവി’മാർ എന്ന് ഇവരെ വിശേഷിപ്പിച്ചവരുണ്ട്. ഒരുകാലത്ത്, പട്ടാളത്തിന്റെ തോക്കിൻകുഴൽ ഭരണത്തെ അതിജീവിച്ച ഇവർ ആദ്യകാലത്ത് നടത്തിയ മത്സരങ്ങൾക്കത്രയും ജനാധിപത്യത്തിന്റെ ചുവയായിരുന്നു. പതിയെ അത് ഇല്ലാതായി, ആ കളിക്ക് നേതൃത്വം കൊടുത്തത് ഹസീനയായിരുന്നു. ഒന്നര പതിറ്റാണ്ടോളമായി വെറുപ്പിന്റെയും ഏകാധിപത്യത്തിന്റെയും സ്വരവും ചെയ്തികളുമായിരുന്നു ആ ഭരണത്തിന്. സഹികെട്ട ജനം, വിശേഷിച്ചും വിദ്യാർഥികളും യുവജനങ്ങളും അതിനെതിരെ രംഗത്തെത്തിയതോടെയാണ് ബംഗ്ലാദേശിൽ പുതിയ പ്രക്ഷോഭങ്ങൾക്ക് തുടക്കമാകുന്നത്.
1996ലാണ് ബംഗ്ലാ പാർലമെന്റായ ജാതീയ സൻസദിന്റെ നിയന്ത്രണം ആദ്യമായി ശൈഖ് ഹസീനയുടെ കൈകളിൽവന്നത്. പക്ഷേ, 2001ൽ ഹസീനക്ക് ഭരണം പോയി. 2006 വരെ വീണ്ടും ഖാലിദ സിയ. അതുകഴിഞ്ഞുള്ള രണ്ട് വർഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടേതാണ്. ഇക്കാലയളവിനുള്ളിൽ മൂന്ന് പുരുഷ സ്വതന്ത്രർ പ്രധാനമന്ത്രി പദത്തിലിരുന്നു. 2008 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ഹസീന 40 ശതമാനത്തിലേറെ വോട്ടുനേടി. അതിനുശേഷം, പതിയെ ഹസീനയുടെ ഏകാധിപത്യം മുളപൊട്ടുകയായിരുന്നു. പാകിസ്താന്റെ തടവറയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച വീരനായകന്റെ മകൾ ബംഗ്ലാദേശിനെ മറ്റൊരു തടവറയാക്കുന്നുവെന്ന വിമർശനം ഉയർന്നു.
2019ലെ തെരഞ്ഞെടുപ്പൊക്കെ ഇതിന്റെ ലക്ഷണമൊത്ത ഉദാഹരണമായിരുന്നു. നാമനിർദേശ പത്രിക നൽകാൻപോലും രാഷ്ട്രീയ എതിരാളികളെ സമ്മതിച്ചില്ല. അതിനുമുന്നേതന്നെ, ഖാലിദ സിയയെ ജയിലിലടച്ചു. മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തന സ്വാതന്ത്ര്യം അതിനും മുന്നേ മരവിപ്പിച്ചു. അതിന്റെ നേതാക്കളെ തടവിലിടുകയോ തൂക്കിലേറ്റുകയോ ചെയ്തു. ഇതിനിടയിൽ രാജ്യത്ത് തൊഴിലില്ലായ്മ പെരുകി; ചെറുപ്പക്കാർ തെരുവിലിറങ്ങിയപ്പോൾ സമരത്തെ ചോരയിൽ മുക്കി. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ചില രാഷ്ട്രീയ നേതാക്കൾ മത്സരിക്കാൻ നോമിനേഷൻ കൊടുത്തിരുന്നു. അവർക്ക് സ്വന്തം മണ്ഡലത്തിൽപോലും പ്രവേശിക്കാനായില്ല. 20ഓളം ബി.എൻ.പി പ്രവർത്തകർ പ്രചാരണത്തിനിടെ കൊല്ലപ്പെട്ടു. സ്വാഭാവികമായും ഹസീന തെരഞ്ഞെടുപ്പിൽ വിജയിച്ചു.
അതേമാതൃകയിൽതന്നെയായിരുന്നു ഈ വർഷം ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പും. പക്ഷേ, അപകടം മുൻകൂട്ടികണ്ട പ്രതിപക്ഷം തെരഞ്ഞെടുപ്പ് പാടെ ബഹിഷ്കരിച്ചു. എച്ച്.എം. ഇർഷാദിന്റെ ജാതീയ പാർട്ടി മാത്രമായിരുന്നു ആകെയുണ്ടായിരുന്ന എതിരാളി. 75 ശതമാനം വോട്ടുകൾ നേടി ഹസീനക്ക് അഞ്ചാമൂഴം. തുടർച്ചയായ ഭരണത്തിന്റെ 15ം വാർഷികത്തിലാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയ ‘സംവരണ പ്രശ്നം’ ഉയർന്നുവന്നത്. അത് ഇത്തരമൊരു വിധി സമ്മാനിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല.
ഇനി ഹസീനക്ക് പ്രവാസ ജീവിതത്തിന്റെ കാലമായിരിക്കും. അവർക്ക് ഇത് ആദ്യത്തെ അനുഭവമല്ല. 70കളിലെ വിമോചന സമരകാലത്ത്, മുത്തശ്ശിക്കൊപ്പം അഭയാർഥി ജീവിതം നയിച്ചിട്ടുണ്ട്. 1975ൽ പിതാവിനെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിൽ ബാക്കിയായത് ഹസീനയും സഹോദരി റിഹാനയും മാത്രമാണ്. ആണവശാസ്ത്രജ്ഞൻ വാസിദ് മിയാഹുമായുള്ള വിവാഹം 1968ലായിരുന്നു. അദ്ദേഹം 2009ൽ മരിച്ചു. രണ്ടു മക്കൾ: സജീബ്, സൈമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.