ശൈഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ
text_fieldsധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ. ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് രംഗത്തെത്തുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒരാൾക്ക് അഭയം നൽകുന്നതിൽ ഇന്ത്യക്ക് നിയമപരമായ പരിമിധിയുണ്ട്. അതുകൊണ്ട് വിസാകാലാവധി നീട്ടിയതിനെ അവരെ അഭയാർഥി ആക്കുന്നതായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത് പൂർണമായും സാങ്കേതികമായ ഒരു നടപടി മാത്രമാണ്. അതേസമയം, കർശന സുരക്ഷയിലാണോ ശൈഖ് ഹസീന ജീവിക്കുന്നതെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ വൃത്തങ്ങൾ തയാറായില്ല.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിലെ ബംഗ്ലാദേശ് സർക്കാർ നടപടിക്രമങ്ങൾ പാലിച്ചല്ല ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തിയായിരുന്നു ഇന്ത്യയുടെ നടപടി.
ശൈഖ് ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈകമീഷൻ വിദേശകാര്യമന്ത്രാലയത്തിന് നൽകിയിരുന്നു. ഡിസംബർ 23ാം തീയതിയാണ് ഇത്തരമൊരു അപേക്ഷ സമർപ്പിച്ചത്. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിളളൽ വീണിരുന്നു. ഇതിനിടെയാണ് ശൈഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് ഉയർത്തിയത്.
നിലവിൽ ബംഗ്ലാദേശ് നൽകിയിട്ടുള്ള അപേക്ഷ ശൈഖ് ഹസീനയെ വിട്ടുകൊടുക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇന്ത്യ വിലയിരുത്തയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.