ഷാജഹാൻ ശൈഖ് പിടിയിൽ; കൈയൊഴിഞ്ഞ് തൃണമൂൽ
text_fieldsബസിർഹത്ത് (പശ്ചിമ ബംഗാൾ): സന്ദേശ്ഖലിയിലെ ആക്രമണങ്ങളിലൂടെ വിവാദ നായകനായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ശൈഖ് 55 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഒടുവിൽ പിടിയിൽ.
ലൈംഗികാതിക്ര കേസിലും ഭൂമി തട്ടിയെടുത്തതിലും ആരോപണവിധേയനായ ശൈഖിനെ സന്ദേശ്ഖലി ദ്വീപിൽനിന്ന് 30 കിലോമീറ്റർ അകലെ ബമൻപുക്കൂറിലെ ഒരു വീട്ടിൽനിന്നാണ് വ്യാഴാഴ്ച പുലർച്ചെ പിടികൂടിയത്. ഏതാനും കൂട്ടാളികളും ശൈഖിനൊപ്പമുണ്ടായിരുന്നതായി സൗത്ത് ബംഗാൾ എ.ഡി.ജി.പി സുപ്രതിം സർക്കാർ അറിയിച്ചു.
ജനുവരി അഞ്ചിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നസാത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നിലവിലെ അറസ്റ്റ്. ബസിർഹത്ത് കോടതിയിൽ ഹാജരാക്കിയ ശൈഖിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സി.ബി.ഐയും ഇ.ഡിയും ഷാജഹാൻ ശൈഖിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇരു ഏജൻസികൾക്കും ശൈഖിനെ അറസ്റ്റ് ചെയ്യാമെന്ന് കൽക്കത്ത ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാൻ ഹൈകോടതി തിങ്കളാഴ്ച സംസ്ഥാന പൊലീസിന് നിർദേശവും നൽകിയിരുന്നു.
കലാപം, മാരകായുധങ്ങളുമായി കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, കൊലപാതകശ്രമം, ഗുരുതരമായ പരിക്കേൽപിക്കൽ, കവർച്ച തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഉപയോഗിച്ചാണ് ശൈഖിനെ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് ബംഗാൾ സി.ഐ.ഡിയാണ് ഇനി അന്വേഷിക്കുക.
നേരത്തേ, ശൈഖിനെ ശക്തമായി പ്രതിരോധിച്ച തൃണമൂൽ കോൺഗ്രസ് അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തെ കൈവിട്ടു. ശൈഖിനെ ആറു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി നേതാക്കൾ അറിയിച്ചു.
തുരങ്കത്തിന്റെ അറ്റത്ത് എല്ലായ്പ്പോഴും വെളിച്ചമുണ്ടെന്നും അറസ്റ്റിനെ സ്വാഗതം ചെയ്യുന്നതായും ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു. അവസാനത്തിന്റെ തുടക്കമാണിതെന്നും ബംഗാളിലെ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഗുണ്ടസംഘങ്ങളെ ജയിലിൽ അടക്കണമെന്നും ഗവർണർ പറഞ്ഞു.
ഷാജഹാൻ ശൈഖിനെ 72 മണിക്കൂറിനകം പിടികൂടണമെന്ന് ഗവർണർ സർക്കാറിന് അന്ത്യശാസനം നൽകിയിരുന്നു. പാർട്ടിയുടെ പ്രക്ഷോഭങ്ങൾ കാരണമാണ് ശൈഖിനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന പൊലീസ് നിർബന്ധിതരായതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ പറഞ്ഞു. തിരക്കഥയുടെ ഭാഗമാണ് അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു.
അറസ്റ്റിന് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ പൊലീസ് നടപടിയെടുക്കുകയായിരുന്നെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു. അറസ്റ്റിന് പിന്നാലെ സന്ദേശ്ഖാലിയുടെ ചില ഭാഗങ്ങളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. ദ്വീപിലെ 49 പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.