അന്ന് സംരക്ഷണം തേടിയത് ഷിബു സോറൻ, ഇന്ന് മരുമകൾ സീത സോറൻ
text_fields1991ലെ പൊതുതെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാറാണ് അധികാരത്തിലെത്തിയത്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 232 സീറ്റാണ് നേടിയത്. 272 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. സാമ്പത്തിക ഉദാരവത്കരണം ഉൾപ്പെടെയുള്ള വിവാദ തീരുമാനങ്ങൾ നരസിംഹ റാവു സർക്കാർ കൈക്കൊണ്ടു. ബാബരി മസ്ജിദ് തകർത്തതിന്റെ പേരിൽ സർക്കാർ രൂക്ഷ വിമർശനം നേരിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ 1993 ജൂലൈയിൽ പ്രതിപക്ഷം സർക്കാരിറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പുറത്തുനിന്ന് പിന്തുണ നൽകിയ പാർട്ടികളുടെ ഉൾപ്പെടെ 251 പേരുടെ പിന്തുണയാണ് അന്ന് സർക്കാറിനുണ്ടായിരുന്നത്. എന്നാൽ, വോട്ടെടുപ്പിൽ സർക്കാർ 14 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
സർക്കാറിന് വോട്ടുചെയ്യാൻ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ ഉൾപ്പെടെ ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ആറ് എം.പിമാർ കോഴ വാങ്ങിയെന്ന് ഒരു വർഷത്തിനുശേഷം ആരോപണമുയർന്നു. എന്നാൽ, ഭരണഘടനയുടെ അനുച്ഛേദം 105ഉം 194ഉം അനുസരിച്ച് സാമാജികർക്ക് സഭയിൽ വോട്ടുചെയ്യുന്നതിനും പ്രസംഗത്തിനും പ്രോസിക്യൂഷൻ നടപടിയിൽനിന്ന് നിയമപരിരക്ഷയുണ്ടെന്ന് 1998ൽ സുപ്രീംകോടതി വിധിച്ചു. 2012ൽ, രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിട്ട ഝാർഖണ്ഡ് മുക്തി മോർച്ച എം.എൽ.എയും ഷിബു സോറന്റെ മരുമകളുമായ സീത സോറൻ 1998ലെ കോടതിവിധി അനുസരിച്ച് നിയമ പരിരക്ഷ തേടി ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, കോടതി ഹരജി തള്ളി. ഇതിനെതിരെ സീത സോറൻ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് 1998ലെ വിധി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.