കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായി ജമ്മുവിലേക്ക് മാറ്റണമെന്ന് ഗുലാം നബി ആസാദ്
text_fieldsശ്രീനഗർ: കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ജമ്മു കശ്മീരിലെ സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകളെ ജമ്മുവിലേക്ക് മാറ്റണമെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്.
ജോലിയേക്കാൾ പ്രധാനം ജീവനാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ മാത്രമേ അവരെ തിരിച്ചയക്കാൻ പാടുള്ളൂവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ അവരെ ജമ്മുവിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകൾ ഡ്യൂട്ടിയിൽ ഹാജരായില്ലെങ്കിൽ അവരുടെ ശമ്പളം നൽകില്ലെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ തീവ്രവാദികളുടെ ഭീഷണിയുണ്ടെന്നും അതിനാൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് കശ്മീരി പണ്ഡിറ്റുകൾ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധത്തിലാണ്.
"ഞങ്ങൾക്ക് ആവർത്തിച്ച് വധഭീഷണി ലഭിക്കുന്നു. ബുധനാഴ്ച രാത്രിയും ഭീഷണി സന്ദേശം വന്നു. ഞങ്ങളെ പോസ്റ്റുചെയ്യുന്ന സ്ഥലത്ത് പൊലീസുകാരെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും ഭരണകൂടത്തിന്റെ സുരക്ഷാ നയത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ല. പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണം കശ്മീരിൽ നിലനിൽക്കുന്ന അരക്ഷിത അന്തരീക്ഷമാണ്. താഴ്‌വരയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ ആസൂത്രിതമായ കൊലപാതകങ്ങൾ ആരംഭിച്ച ദിവസം മുതൽ ഞങ്ങൾ പ്രതിഷേധത്തിലാണ്. ഞങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന് സർക്കാരിനോട് സർക്കാരിനോട് അഭ്യർഥിക്കുന്നു"- കശ്മീരി പണ്ഡിറ്റ് രോഹിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.