പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ
text_fieldsകോഴിക്കോട്: മക്കയിലേക്ക് ഹജ്ജിനായുള്ള കാൽനട യാത്രക്കിടെ തനിക്ക് പാകിസ്താൻ വിസ നിഷേധിച്ചെന്ന വാർത്തകൾ നിഷേധിച്ച് ശിഹാബ് ചോറ്റൂർ. ട്വിറ്ററിലൂടെയാണ് വിശദീകരണ കുറിപ്പുമായി ശിഹാബ് രംഗത്തെത്തിയത്. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താൻ ഇതുവയെും പാകിസ്താനിലെ കോടതിയെ സമീപിച്ചിട്ടില്ല. ഒരു പാക് പൗരനാണ് ശിഹാബ് ചോറ്റൂരിന് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി നിരസിച്ചത്. ഇത്തരം വ്യാജ വാർത്തകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം.
തന്റെ യാത്ര എത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്നും ശിഹാബ് ട്വീറ്റ് ചെയ്തു. കേരളത്തിൽ നിന്നും യാത്ര തുടങ്ങി 3000 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിർത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാക് ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ശിഹാബിനായി പാക് പൗരനായ സർവാർ താജ് ആണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് ഹരജി തള്ളി. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ചിന്റെ
തീരുമാനം ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവക്കുകയായിരുന്നു. ഹരജിക്കാരന് ഇന്ത്യൻ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് അപേക്ഷ തള്ളിയത്.
ജൂൺ രണ്ടിനാണ് മലപ്പുറം പുത്തനത്താണി സ്വദേശിയായ ശിഹാബ് കാൽനടയായി ഹജ്ജിന് പുറപ്പെട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കാൽനടയായി കടന്നുപോയ ശിഹാബിന് എല്ലാ സംസ്ഥാനങ്ങളിലും വൻ സ്വീകരണമാണ് ലഭിച്ചത്. മിക്കയിടങ്ങളിലും പൊലീസ് അകമ്പടിയോടെയായിരുന്നു യാത്ര. മലപ്പുറത്തു നിന്ന് മക്കയിലേക്ക് 8,000 കിലോമീറ്ററിലധികം ദൂരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.