നീലച്ചിത്ര നിർമാണ കേസ്; ശിൽപ ഷെട്ടിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം
text_fieldsമുംബൈ: നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകളിൽ വിൽപന നടത്തിയ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ശിൽപ ഷെട്ടിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കേസിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. രാജ് കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസിന്‍റെ ഭാഗമായ മറ്റ് സംവിധായകരുടെ മൊഴി ആവശ്യമെങ്കിൽ രേഖപ്പെടുത്തും. രാജ് കുന്ദ്രയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ പ്രദീപ് ബക്ഷിയെ രാജ് കുന്ദ്ര മുന്നിൽ നിർത്തുകയായിരുന്നെന്നും, കാര്യങ്ങളെല്ലാം നിയന്ത്രിച്ചത് കുന്ദ്ര തന്നെയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഇരകൾ പൊലീസിനെ സമീപിച്ച് മൊഴി നൽകിയിട്ടുണ്ട്.
രാജ് കുന്ദ്രയുടെ നേതൃത്വത്തിൽ വെബ് സീരിയലുകളിൽ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീകളെ അഭിനയിക്കാനായി കൊണ്ടുവന്നാണ് നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ചിരുന്നത്. നിശ്ചിത തുക ഈടാക്കി ഈ സിനിമകൾ മൊബൈൽ ആപുകളിൽ ലഭ്യമാക്കുകയാണ് ചെയ്തത്. ലോക്ഡൗൺ കാലത്ത് കോടികളുടെ വരുമാനമാണ് ഇതിലൂടെ കുന്ദ്ര നേടിയത്.
രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന് ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്‍റെ ഉടമകളാണ് കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാൻ ഇൻഡസ്ട്രീസ് വഴിയാണ് നടന്നിരുന്നത്.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്നയായി ഓഡീഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.