പാർട്ടി പിടിക്കാൻ ഷിൻഡെ; പുതിയ ദേശീയ എക്സിക്യുട്ടീവിനെ പ്രഖ്യാപിച്ചു, സാധുത ചോദ്യം ചെയ്ത് താക്കറെ വിഭാഗം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വിമത നീക്കത്തിനൊടുവിൽ മഹാ വികാസ് അഘാഡി സംഖ്യത്തെ മറിച്ചിട്ട് ഭരണം പിടിച്ച ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെ ഇനി പാർട്ടി പിടിക്കാനുള്ള നീക്കത്തിൽ. അതിന്റെ ഭാഗമായി പുതിയ ദേശീയ ഏക്സിക്യൂട്ടീവിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ മുഖ്യ നേതാവാക്കിക്കൊണ്ടാണ് എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചത്. അതേസമയം, ഷിൻഡെ വിഭാഗം പാർട്ടി പ്രസിഡന്റിന്റെ സ്ഥാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഷിൻഡെ വിഭാഗത്തിന്റെ നീക്കത്തിൽ നീരസം പ്രകടിപ്പിച്ച ഉദ്ധവ് താക്കറെ ഗ്രൂപ്പ് നിലവിലെ ദേശീയ എക്സിക്യൂട്ടീവിനെ ഇല്ലാതാക്കി പുതിയ എക്സിക്യൂട്ടീവ് പ്രഖ്യാപിച്ച നടപടിയുടെ നിയമ സാധുതയെ ചോദ്യം ചെയ്തു.
പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തൊട്ട് മുമ്പ് നേതൃസ്ഥാനം രാജിവെച്ച താക്കറെ വിഭാഗത്തിലെ രാംദാസ് കദമിനെ ഷിൻഡെ വിഭാഗം നേതാവാക്കി. മുൻ എം.പി ആനന്ദ് അദ്സുലും ഷിൻഡെ വിഭാഗം എക്സിക്യൂട്ടീവിലെ നേതാവാണ്. ദീപക് കേസർക്കാർ എം.എൽ.എയെ പാർട്ടി വക്താവായും നിയമിച്ചിട്ടുണ്ട്.
മുൻ ബി.എം.സി സ്ഥിരസമിതി അധ്യക്ഷൻ യശ്വന്ത് ജാദവ്, എം.എൽ.എമാരായ ഗുലാബ്രോ പാട്ടീൽ, ഉദയ് സാമന്ത്, തനാജി സാവന്ത്, നടനും നിർമാതാവുമായ ശരദ് പൊങ്ക്ഷെ, മുൻ ഐ.എ.എസ് ഓഫീസർ വിജയ് നഹ്ത, മുൻ എം.പി ശിവാജിറാവു അദാൽറാവു പാട്ടീൽ എന്നിവരെ ഉപനേതക്കളായും നിയമിച്ചു.
പുതിയ സംഭവ വികാസത്തിൽ താക്കറെ വിഭാഗം എം.പി സഞ്ജയ് റാവത്ത് രൂക്ഷമായി പ്രതികരിച്ചു. ഇത് കോമഡി എകസ്പ്രസ് സീസൺ 2 ആണ്. ആദ്യ സീസൺ സംസ്ഥാന നിയമസഭയിൽ നടന്നു. അവർ സുപ്രീംകോടതി തീരുമാനത്തെ ഭയക്കുന്നു. അതിനാൽ ഇത്തരം നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ച് അവരുടെ തൊലി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു.
സുപ്രീംകോടതി തങ്ങൾക്കനുകൂലമായ വിധി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും റാവത്ത് കൂട്ടിച്ചേർത്തു. വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന താക്കറെ വിഭാഗത്തിന്റെ ഹരജി ജൂലൈ 20നാണ് സുപ്രീംകോടതി പരിഗണിക്കുക.
ഷിൻഡെ വിഭാഗം രജിസ്േട്രഡ് പാർട്ടിയല്ല. അവർ ആൾക്കൂട്ടം മാത്രമാണ്. അവർക്ക് നിലവിലെ എക്സിക്യൂട്ടീവിനെ ഇല്ലാതാക്കാനുള്ള അധികാരമില്ല. ലോക്സഭയിൽ വേറെ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെങ്കിൽ അവരെ കൂറുമാറിയവരായി പ്രഖ്യാപിക്കുമെന്നും റാവുത്ത് പറഞ്ഞു.
അതേസമയം, മുംബൈ എം.പി രാഹുൽ ഷെവാലെയെ പാർലമെന്ററി പാർട്ടി നേതാവാക്കണമെന്ന് ഷിൻഡെ വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.