മഹാരാഷ്ട്രയിലെ വിമത നീക്കം; ഒപ്പംനിന്നവരോട് വാക്കുപാലിക്കാനാകാതെ ഷിൻഡെ വിയർക്കുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ മറിച്ചിട്ട വിമത നീക്കത്തിൽ കൂടെനിന്ന ശിവസേന എം.എൽ.എമാരോട് വാക്കുപാലിക്കാനാകാതെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിയർക്കുന്നു. 40 ഓളം എം.എൽ.എമാരാണ് ഉദ്ധവ് താക്കറെയെ വിട്ട് ഷിൻഡെക്കൊപ്പം നിന്നത്. ഏറെപ്പേർക്കും മന്ത്രി സ്ഥാനം ഉറപ്പു നൽകിയിരുന്നു. എന്നാൽ, അത് പാലിക്കാൻ കഴിയാത്ത അവസ്ഥയാണ്.
മന്ത്രിസഭയിൽ മൂന്നിൽ രണ്ട് പങ്കാളിത്തമെന്ന ഷിൻഡെയുടെ ആവശ്യവും പ്രധാന വകുപ്പുകൾക്കായുള്ള വാദവും ബി.ജെ.പി അംഗീകരിക്കുന്നില്ല. ഉദ്ധവ് സർക്കാറിനെ മറിച്ചിട്ട് ബി.ജെ.പി പിന്തുണയിൽ ഷിൻഡെ മുഖ്യമന്ത്രിയായി 41 ദിവസങ്ങൾക്ക് ശേഷമാണ് ഇരുപക്ഷത്തുനിന്നും 18 പേരുമായി മന്ത്രിസഭ വികസിപ്പിച്ചത്. വർഷകാല നിയമസഭ സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇരു പാർട്ടിയിൽ നിന്നും ഒമ്പത് പേർ വീതം മന്ത്രിമാരായത്. എന്നാൽ, ഇവർക്ക് വകുപ്പുകൾ നിർണയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിയമസഭ സമ്മേളനം തുടങ്ങുന്നത് ബുധനാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.
മന്ത്രിമാരുടെ ആദ്യ പട്ടികയിൽ ഇടം പിടിക്കാത്തതിൽ ചൊടിച്ച് വിമത എം.എൽ.എമാർ ഷിൻഡെക്ക് താക്കീത് നൽകിയതായാണ് വിവരം. അവസരം ലഭിക്കാത്തതിൽ ചെറുപാർട്ടി എം.എൽ.എമാരും രൂക്ഷമായാണ് പ്രതികരിച്ചത്. രണ്ടാം ഘട്ട മന്ത്രിസഭ വികസനം ഉടനുണ്ടാകുമെന്ന് പറഞ്ഞാണ് ഷിൻഡെ അവരെ സമാധാനിപ്പിച്ചത്.
എന്നാൽ, പ്രതിസന്ധി രൂക്ഷമാകുന്നുവെന്നാണ് സൂചന. അധികാരമേറ്റ ഷിൻഡെ പക്ഷ മന്ത്രിമാരെ തിരഞ്ഞെടുത്തതും ബി.ജെ.പി നിർദേശപ്രകാരമാണെന്ന് ആരോപണമുണ്ട്. വരാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ ഔറംഗാബാദ്, വിദർഭ മേഖലകളിൽ ശിവസേനയെ തകർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും പറയുന്നു. ഇതിനിടയിൽ നിയമസഭ സ്റ്റാൻഡിങ് കമിറ്റിയിൽനിന്ന് ശിവസേന ഔദ്യോഗിക പക്ഷം പുറത്തായി. ഭരിക്കുന്ന വിമതപക്ഷവും ശിവസേനയാണെന്ന് പറഞ്ഞ് സ്പീക്കർ ഔദ്യോഗിക പക്ഷത്തെ തഴയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.