ഷിൻഡെ സർക്കാർ ആറ് മാസത്തിനുള്ളിൽ തകരുമെന്ന് ശരദ് പവാർ
text_fieldsമുംബൈ: വിമത ശിവസേ നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴുമെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. ഞായറാഴ്ച നടന്ന എൻ.സി.പി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിൽ പുതുതായി രൂപീകരിച്ച സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും ഇടക്കാല തെരഞ്ഞടുപ്പിന് വേണ്ടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'ഷിൻഡെയെ പിന്തുണക്കുന്ന പല വിമത നിയമസഭാംഗങ്ങളും നിലവിലെ ക്രമീകരണങ്ങളിൽ തൃപ്തരല്ല. മന്ത്രിമാരുടെ വകുപ്പുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ അവരുടെ അസ്വസ്ഥതകൾ പുറത്തുവരും. ഇത് തീർച്ചയായും സർക്കാരിന്‍റെ തകർച്ചക്ക് കാരണമാകും'- പവാർ പറഞ്ഞു.
ഈ പരീക്ഷണം പരാജയപ്പെട്ടാൽ നിരവധി വിമത എം.എൽ.എമാർ അവരുടെ യഥാർഥ പാർട്ടിയിലേക്ക് മടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ കയ്യിൽ ആറ് മാസം സമയം മാത്രമാണുള്ളത്. അതിനാൽ എൻ.സി.പിയുടെ എല്ലാ എം.എൽ.എമാരും അവരുടെ മണ്ഡലങ്ങളിൽ തന്നെ കൂടുതൽ സമയം ചിലവഴിക്കണെമെന്നും പവാർ ഓർമിപ്പിച്ചു.
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി വ്യാഴാഴ്ചയാണ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ 40-ഓളം എം.എൽ.എമാർ വിമത നീക്കം നടത്തിയത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്‍റെ തകർച്ചക്ക് കരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.