ഷിൻഡെക്ക് ആഭ്യന്തരം തന്നെ വേണം; മഹായുതിയിൽ അനിശ്ചിതത്വം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ആഴ്ച ഒന്ന് പിന്നിട്ടിട്ടും സർക്കാർ രൂപവത്കരിക്കാൻ കഴിയാതെ മഹായുതിയിൽ തർക്കം മൂർച്ഛിക്കുന്നു. മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദത്തിൽനിന്ന് ഏക്നാഥ് ഷിൻഡെ പിന്മാറിയെങ്കിലും ആഭ്യന്തരമന്ത്രി പദത്തിനായുള്ള കടുംപിടുത്തമാണ് ഇപ്പോഴത്തെ പ്രതിസന്ധി.
ഷിൻഡെക്ക് ആഭ്യന്തര ചുമതലയോടെ ഉപമുഖ്യമന്ത്രിയാകണം. അല്ലാത്തപക്ഷം പാർട്ടിയിലെ മറ്റൊരാളെ ഉപമുഖ്യമന്ത്രിയാക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിപദവും ഷിൻഡെക്ക് സ്വീകാര്യമല്ല. ആഭ്യന്തരം വിട്ടുകൊടുക്കാൻ ബി.ജെ.പി തയാറുമല്ല. വെള്ളിയാഴ്ച മഹായുതി യോഗം റദ്ദാക്കി ഷിൻഡെ ജന്മനാടായ സതാറയിലേക്ക് പോയി. ഇതോടെ, മഹായുതിയിലെ പ്രതിസന്ധി രൂക്ഷമായി. അതേസമയം, ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ദേവേന്ദ്ര ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവർ ചർച്ച നടത്തിയിരുന്നു. ആഭ്യന്തരം ബി.ജെ.പി വിട്ടുകൊടുക്കില്ലെന്ന് യോഗത്തിൽ വ്യക്തമാക്കി.
അജിത് പക്ഷത്തിന് ഉപമുഖ്യമന്ത്രി പദവും ധനകാര്യവും അടക്കം 10ഓളം മന്ത്രിമാരും ഒരു കേന്ദ്രമന്ത്രിപദവും ലഭിക്കും. ഉപമുഖ്യമന്ത്രി പദവും നഗരവികസനവും പൊതുമരാമത്തും അടക്കം 12 ഓളം മന്ത്രിമാരും ഒരു കേന്ദ്ര മന്ത്രിപദവും ഷിൻഡെക്കും ലഭിക്കുമെന്നുമാണ് തീരുമാനമെന്നാണ് വിവരം. ഡൽഹി യോഗത്തിന് പിന്നാലെ മുംബൈയിൽ ബി.ജെ.പിയുടെ നിയമസഭ കക്ഷി യോഗവും മഹായുതിയുടെ യോഗവും നടക്കാനിരിക്കെയാണ് ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ ഷിൻഡെ നേരെ സതാരയിലേക്ക് പോയത്.
രണ്ടുദിവസം കഴിഞ്ഞേ മുംബൈയിൽ തിരിച്ചെത്തുകയുള്ളൂ. അതിന് ശേഷമാകും മഹായുതി യോഗം. തുടർന്നാണ് സത്യപ്രതിജ്ഞ.
അതേസമയം, തിങ്കളാഴ്ച മഹായുതി യോഗം നടക്കുമെന്നും വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.