‘ഷിൻഡെ പുറത്താകും, അജിത് പവാർ മുഖ്യമന്ത്രിയാകും’; പ്രവചനവുമായി സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: എൻ.സി.പിയെ പിളർത്തി അജിത് പവാർ ഉപമുഖ്യമന്ത്രി പദവിയിലെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ അടുത്ത നിർണായക രാഷ്ട്രീയ നീക്കം പ്രവചിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി സഞ്ജയ് റാവുത്ത്. ശിവസേനയിൽനിന്ന് കൂറുമാറിയ സുഷീൽ കുമാർ ഷിൻഡെ വിഭാഗത്തിലെ 16 എം.എൽ.എമാർ വൈകാതെ അയോഗ്യരാക്കപ്പെടുമെന്നും ഇതോടെ ഷിൻഡെക്ക് പകരം അജിത് പവാർ മുഖ്യമന്ത്രിയാകുമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
‘ഇന്ന് കാമറകൾക്ക് മുമ്പിൽ ഞാൻ പറയുന്നു, മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി മാറാൻ പോകുന്നു. ഏക്നാഥ് ഷിൻഡെ പുറത്താകും. ഷിൻഡെയും 16 എം.എൽ.എമാരും അയോഗ്യരാക്കപ്പെടാൻ പോകുന്നു’, റാവുത്ത് എ.എൻ.ഐ വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
ബി.ജെ.പി ശിവസേനയെയും എൻ.സി.പിയെയും കോൺഗ്രസിനെയുമെല്ലാം പിളർത്തി. എന്നാൽ, ഇത് അവർക്ക് ഗുണകരമാകില്ല. 2024ൽ ഞങ്ങൾ ഒരുമിച്ച് പോരാടും. എൻ.സി.പിയിലെ ചില നേതാക്കൾ അഴിമതിയിൽ പങ്കാളികളായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇപ്പോൾ ആ നേതാക്കൾ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തത് അമ്പരപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അജിത് പവാർ എൻ.സി.പി പിളർത്തി സുഷീൽ കുമാർ ഷിൻഡെ നയിക്കുന്ന സർക്കാറിന്റെ ഭാഗമായത്. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തിനൊപ്പം എൻ.സി.പി വിട്ട എട്ട് എം.എൽ.എമാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.