നിയമസഭാകക്ഷി നേതാവാക്കണം; ഗവർണർക്കും സ്പീക്കർക്കും കത്തയച്ച് ഷിൻഡെ
text_fieldsമുംബൈ: ബി.ജെ.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കാനുള്ള നീക്കം ശക്തമാക്കി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ. നിയമസഭാകക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗേവാലയെ ചീഫ് വിപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
37 എം.എൽ.എമാരുടെ പിന്തുണയോടെയാണ് കത്ത് നൽകിയിരിക്കുന്നത്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
അതേസമയം, രണ്ട് സ്വതന്ത്ര എം.എൽ.എമാർ അടക്കം ഇന്ന് വിമത ക്യാമ്പിലേക്ക് പോകുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
വിമതരുമായി നേരിട്ട് ചർച്ചക്ക് തയാറാണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദേശം ഷിൻഡെ തള്ളിയിരുന്നു. ഇതോടെ വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവിന്‍റെ നീക്കം.
കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാൽ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ പ്രതിസന്ധി മറികടക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പ്രതികരിച്ചു. ഉദ്ധവിന് പൂർണ പിന്തുണ ഉറപ്പുനൽകിയ പവാർ, അസമിലെ ഹോട്ടലിലിരുന്നല്ല മഹാരാഷ്ട്ര നിയമസഭയിൽ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്ന് വിമതരെ പരിഹസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.