കപ്പൽ സർവിസ് വെട്ടിക്കുറച്ചു; ദുരിതത്തിലായി ലക്ഷദ്വീപുകാർ
text_fieldsകൊച്ചി: ഒരുമാസത്തോളമായി കപ്പൽ സർവിസ് വെട്ടിക്കുറച്ചതിലൂടെ ദുരിതത്തിലായി ലക്ഷദ്വീപ് നിവാസികൾ. ആകെയുള്ള ഏഴ് യാത്രക്കപ്പലുകളിൽ 200 വീതം സീറ്റുള്ള രണ്ടെണ്ണം മാത്രമാണ് സർവിസ് നടത്തുന്നത്. ബാക്കി അഞ്ച് കപ്പലിൽ ഒരെണ്ണം രണ്ടാഴ്ച മുമ്പ് നടുക്കടലിൽ തീപിടിച്ചതിനെത്തുടർന്ന് സർവിസ് നടത്തുന്നില്ല. മറ്റൊന്ന് കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചിരിക്കുകയാണ്.
ഒരെണ്ണം മറൈൻ സർേവ റിപ്പോർട്ട് നടപടി പൂർത്തിയാകാത്തതിനാലും സർവിസ് നടത്താനാകുന്നില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. നടപടിക്രമങ്ങൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ദ്വീപുകാർ ആരോപിക്കുന്നു. ലക്ഷദ്വീപ് ഡെവലപ്െമൻറ് കോർപറേഷൻ തുറമുഖ വകുപ്പിന് ഫണ്ട് അനുവദിക്കാത്തത് പ്രതിസന്ധിക്ക് വഴിവെച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ആശുപത്രി ആവശ്യങ്ങൾക്കടക്കം കൊച്ചിയിലെത്തേണ്ട ദ്വീപുവാസികൾ കപ്പൽ സർവിസില്ലാതെ ബുദ്ധിമുട്ടിലാണ്. കേരളത്തിൽ എത്തിയ ദ്വീപുവാസികൾക്ക് മടങ്ങാനാകാത്ത സാഹചര്യവുമുണ്ട്. പലരും വലിയ തുക മുടക്കി വിമാനത്തിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുകയാണെന്ന് കവരത്തി സ്വദേശി അബ്ദുൽ ഗഫൂർ പറഞ്ഞു. കപ്പൽ സർവിസ് വെട്ടിക്കുറച്ചത് മനഃപൂർവം ദ്വീപുകാരെ ദ്രോഹിക്കുന്ന നടപടിയുടെ ഭാഗമാണെന്ന് കരുതുെന്നന്ന് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഖാദർ 'മാധ്യമ'ത്തോട് പറഞ്ഞു.
കപ്പൽ യാത്രനിരക്കിൽ 100 ശതമാനത്തോളം വർധനയും വരുത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ചുമതലയെടുത്തതിന് ശേഷം വിവിധ വകുപ്പുകളിൽനിന്ന് രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മത്സ്യബന്ധന മേഖലയും തകർച്ചയിലാണ്. ഈ സാഹചര്യത്തിലാണ് കപ്പൽ യാത്രനിരക്ക് വർധിപ്പിക്കുകയും സർവിസ് വെട്ടിക്കുറക്കുകയും ചെയ്തിരിക്കുന്നത്.
അതിനിടെ, തീപിടിത്തമുണ്ടായ എം.വി. കവരത്തി കപ്പൽ അറ്റകുറ്റപ്പണിക്ക് കൊച്ചിയിലെത്തിച്ചു. പ്രധാന എൻജിൻ പ്രവർത്തനരഹിതമായതോടെ നാവികസേന കപ്പൽ ഐ.എൻ.എസ് ശർദുൽ ഉപയോഗിച്ച് കെട്ടിവലിച്ചാണ് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.