കാർഷിക നിയമങ്ങളുടെ യഥാർഥ വാസ്തുശിൽപ്പി ശിരോമണി അകാലിദൾ -നവ്ജ്യോത് സിങ് സിധു
text_fieldsഅമൃത്സർ: കേന്ദ്രസർക്കാറിന്‍റെ മൂന്ന് വിവാദ കാർഷിക നിയമങ്ങളുടെ യഥാർഥ വാസ്തുശിൽപ്പി ശിരോമണി അകാലിദൾ ആണെന്ന് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് നവ്ജ്യോത് സിങ് സിധു. 2013ൽ അകാലിദൾ -ബി.ജെ.പി സർക്കാർ പഞ്ചാബ് നിയമസഭയിൽ കൊണ്ടുവന്ന കരാർ കാർഷിക നിയമത്തിന്‍റെ കൃത്യമായ പകർപ്പുകളാണ് പുതിയ കാർഷിക നിയമങ്ങളെന്നും സിധു അവകാശപ്പെട്ടു.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കേയാണ് അകാലിദളിനെതിരായ സിധുവിൻറെ പ്രതികരണം. മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണ് ഈ കാർഷിക നിയമങ്ങളുടെ യഥാർഥ നിർമാതാവെന്നും സിധു പറഞ്ഞു. 'ബാദൽ കൊണ്ടുവന്ന നിയമങ്ങളുടെ അസ്സൽ ഫോട്ടോസ്റ്റാറ്റ് പതിപ്പാണ് കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ. തീർപ്പാക്കൽ, കാർഷിക സേവനങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ വിൽപന തുടങ്ങിയ നിയമങ്ങളിലെ എല്ലാ വാക്യങ്ങളും എൻ.ഡി.എ സഖ്യത്തിലായിരുന്നപ്പോൾ ശിരോമണി അകാലിദൾ ബി.ജെ.പിക്ക് നൽകിയതുപോലെയാണ്' -സിധു കൂട്ടിച്ചേർത്തു.
കൂടാതെ പ്രകാശ് സിങ് ബാദൽ, സുഖ്ബീർ സിങ് ബാദൽ, ഹർസിമ്രത് കൗർ ബാദൽ എന്നിവർ ആദ്യം കാർഷിക നിയമങ്ങളെ പ്രശംസിക്കുന്നതും പിന്നീട് വിമർശിക്കുന്നതുമായ വിഡിയോയും സിധു പുറത്തുവിട്ടു.
അതേസമയം, സിധു ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു അകാലിദളിന്‍റെ പ്രതികരണം. കർഷക സമൂഹത്തെ സഹായിക്കാൻ അദ്ദേഹം ശരിക്കും തയാറാണെങ്കിൽ 2017ൽ കോൺഗ്രസ് സർക്കാർ എ.പി.എം.സി നിയമത്തിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കണമെന്നും ശിരോമണി അകാലിദൾ ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് അകാലിദളിനെതിരെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കാർഷിക നിയമങ്ങളെക്കുറിച്ച് സംസാരിക്കാൻ മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലിനുൾപ്പെടെ സംസാരിക്കാൻ ധാർമിക അവകാശം ഇല്ലെന്നായിരുന്നു അമരീന്ദറിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.