കാർഷിക നിയമങ്ങൾക്കെതിരെ 'ബ്ലാക്ക് ഫ്രൈഡേ മാർച്ച്'; ശിരോമണി അകാലിദൾ നേതാക്കളെ ഡൽഹി പൊലീസ് തടഞ്ഞു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ശിരോമണി അകാലിദളിന്‍റെ 'ബ്ലാക്ക് ഫ്രൈഡേ' മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. അകാലിദൾ േനതാവ് സുഖ്ബീർ ബാദൽ, ലോക്സഭ എം.പി ഹർസിമ്രത് കൗർ ബാദൽ, മറ്റു നേതാക്കൾ, പ്രവർത്തകർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പ്രാബല്യത്തിൽവന്ന് ഒരു വർഷം തികഞ്ഞതിന്‍റെ ഭാഗമായിരുന്നു പ്രതിഷേധം.
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അകാലിദൾ എൻ.ഡി.എ സഖ്യം വിടുകയും ചെയ്തിരുന്നു. നഗരത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ ഡൽഹി പൊലീസ് നടപടിയെ മുൻ േകന്ദ്രമന്ത്രി ശക്തമായി അപലപിച്ചു.
കർഷകരും അകാലിദൾ പ്രവർത്തകരും മറ്റു പ്രക്ഷോഭകരും ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചിരുന്നു. കർഷകർ മാർച്ച് ആഹ്വാനം ചെയ്തതിനെ തുടർന്ന് ഡൽഹിയിൽ വൻ പൊലീസ് സന്നാഹത്തെ പൊലീസ് നിയോഗിച്ചിരുന്നു. രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന റോഡുകളും രണ്ടു മെട്രോ സ്റ്റേഷനുകളും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടു.
വെള്ളിയാഴ്ച രാവിലെ കർഷകരും പാർട്ടി പ്രവർത്തകരും ഗുരുദ്വാര രാകേബ് ഗഞ്ച് സാഹിബിൽനിന്ന് പാർലമെന്‍റ് മന്ദിറിലേക്ക് മാർച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മാർച്ച് നടത്താൻ അനുമതിയില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തികളും പൊലീസ് അടച്ചതായും പഞ്ചാബിൽനിന്നുള്ള വാഹനങ്ങളെ അധികൃതർ തടയുകയാണെന്നും ശിരോമണി അകാലിദൾ ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.