നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവർണറാക്കണമെന്ന് ശിവസേനയുടെ പരിഹാസം
text_fieldsമുംബൈ: വായ്പ തട്ടിപ്പില്‍ ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. രാജ്യത്തെ ഖജനാവ് കാലിയാക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവർണറാക്കണമെന്ന് ‘സാമ്ന’ പരിഹസിച്ചു. ‘സാമ്പത്തിക കൊള്ളയെ കുറിച്ച് വാ തുറന്ന രഘുറാം രാജനെ ഗവർണര്‍ പദവിയില്‍നിന്ന് തെറിപ്പിച്ച് ഇനി നീരവ് മോദിയെ ഗവർണറാക്കൂ’ എന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ ഫണ്ടിലേക്ക് വാരിക്കോരി നൽകിയ ആളാണ് നീരവ് മോദി. കഴിഞ്ഞ മാസാവസാനം കുടുംബത്തോടൊപ്പം നാടുവിട്ട നീരവ് മോദി എങ്ങനെ ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയെന്ന് വ്യക്തമാക്കണം. ആധാര്‍ ഇല്ലാത്തതിന് സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുമ്പോള്‍ ആധാറില്ലാത്ത നീരവ് മോദിയെ പോലുള്ളയാള്‍ 11,400 കോടിയുമായി നാടുവിടുന്നു.
അർധസത്യങ്ങളുടെ പേരില്‍ മഹാരാഷ്ട്രയിലെ ഛഗന്‍ ഭുജ്ബലും ബിഹാറിലെ ലാലുപ്രസാദ് യാദവും ജയിലിലടക്കപ്പെടുമ്പോള്‍ വിജയ് മല്യയും ലളിത് മോദിയും നീരവ് മോദിയും രാജ്യംവിട്ടതും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.