മുംബൈ നഗരസഭ തെരഞ്ഞെടുപ്പ്: ശിവസേനക്ക് മുസ് ലിം പ്രേമം
text_fieldsമുംബൈ: ‘ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ. 92ലെ കലാപകാലത്ത് അദ്ദേഹം മുംബൈയെ സംരക്ഷിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രതി കോണ്‍ഗ്രസും അവരുടെ കീഴിലെ പൊലീസുമാണ്. ഇക്കാര്യം ആര്‍ക്കും അറിയില്ല. അതാണ് ചരിത്രം. ഇതൊന്നും അറിയാത്തതിനാലാണ് തെരഞ്ഞെടുപ്പുകളില്‍ ശിവസേനക്ക് മുസ്ലിംകള്‍ വോട്ട് ചെയ്യാത്തത്’.
മുംബൈ കലാപത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശിവസേനയുടെ മുസ്ലിം സ്ഥാനാര്‍ഥികള്‍ വീടുവീടാന്തരം കയറി പറയുന്നതാണ് ഈ വാക്കുകള്‍. ചൊവ്വാഴ്ച നടക്കുന്ന മുംബൈ നഗരസഭ തെരഞ്ഞെടുപ്പ് ശിവസേനക്ക് അഭിമാന പോരാട്ടമാണ്. ബി.ജെ.പിയുമായി സഖ്യം വെടിഞ്ഞ ശിവസേന ഭരണം നിലനിര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്.
ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെ ലക്ഷ്യംവെക്കുമ്പോഴും മുസ്ലിംകളാണ് സേനയുടെ മനസ്സില്‍. ഉര്‍ദു പത്രങ്ങളില്‍ ഉര്‍ദുവില്‍ അച്ചടിച്ച നോട്ടീസ് ഇട്ട് സേന വോട്ട് തേടിയതും ഇതാദ്യമായാണ്. ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്ന് ചേക്കേറിയ അഞ്ച് മുസ്ലിം നേതാക്കള്‍ക്കാണ് ശിവസേന ഇത്തവണ ടിക്കറ്റ് നല്‍കിയത്.
മുസ്ലിംലീഗ് മുംബൈ വൈസ് പ്രസിഡന്‍റായിരിക്കെ കൂറുമാറി എത്തി മഹാരാഷ്ട്ര ശിവ് വാഹ്തുക് സേന ഉപാധ്യക്ഷനായി മാറിയ സജിദ് സുപാരിവാലയും പ്രസിഡന്‍റ് ഹാജി അറഫാത്തും മുസ്ലിം പ്രദേശങ്ങളില്‍ സജീവമാണ്. മുസ്ലിംകള്‍ക്ക് ടിക്കറ്റ് നല്‍കി ശിവസേന ചരിത്രമെഴുതുകയാണെന്നാണ് സ്ഥാനാര്‍ഥിയായ നേഹാ ഖുര്‍ശിദാലം ശൈഖ് പറയുന്നത്. ഇതൊരു തുടക്കമാണെന്നും അതിന് വോട്ടുകുത്തി ജയിപ്പിക്കണമെന്നുമാണ് അവരുടെ അഭ്യര്‍ഥന. സേനയെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മുസ്ലിംകള്‍ അകലുന്നതെന്നും അത് തിരുത്തുകയാണ് ലക്ഷ്യമെന്നും മറ്റൊരു സ്ഥാനാര്‍ഥിയും മുന്‍ മജ്ലിസ് നേതാവുമായ മുഹമദ് ഹലിം ഖാന്‍ പറയുന്നു.
പഴയ ഗുണ്ടാരാജില്‍നിന്ന് ഉദ്ധവ് താക്കറെയുടെയും മകന്‍ ആദിത്യയുടെയും നേതൃത്വത്തില്‍ ശിവസേന ഒരു പാട് മാറിയെന്നാണ് ഏക ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയായ ബ്രിനല്ളെ ജോര്‍ജ് ഫെര്‍ണാണ്ടസ് പറയുന്നത്. മുംബൈ കലാപവുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് ഇവര്‍ മറന്നമട്ടാണെന്ന് സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.