രാമജന്മ ഭൂമി കുംഭകോണം; മുംബൈയിൽ ശിവസേന -ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ
text_fieldsമുംബൈ: രാമജന്മ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് മുംബൈയിൽ ശിവസേന -ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. രാമജന്മ ഭൂമി കുംഭകോണത്തെക്കുറിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ വന്ന ലേഖനത്തെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടൽ.
ശിവാജി പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പത്രത്തിലെ പരാമർശത്തിനെതിരെ ബി.ജെ.പിയുടെ യുവജന വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു.
സംഭവത്തിൽ മുംബൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അക്രമത്തിന്‍റെ പേരിൽ ശിവസേന പ്രവർത്തകർക്കെതിരെയും കോവിഡ് 19 ലോക്ഡൗണിൽ അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് 30 ബി.ജെ.പി പ്രവർത്തകർക്കുമെതിരെയാണ് കേസ്.
അയോധ്യ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾക്ക് രാമ ജന്മ ഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് മറുപടി പറയണമെന്ന് സാമ്ന ലേഖനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇടപാടുകളിലും ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സുതാര്യതയുണ്ടാകണമെന്നും രാമക്ഷേത്രത്തിന് സംഭാവനയായി ഒരു കോടി രൂപ നൽകിയിരുന്നുവെന്നും ശിവസേന പറയുന്നു.
'ക്ഷേത്ര നിർമാണത്തിനായി അയോധ്യയിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. ലക്ഷകണക്കിന് ഭക്തൻമാർ കോടിക്കണക്കിന് രൂപ അക്കൗണ്ടിലേക്ക് സംഭാവനയായി നൽകുകയും ചെയ്തു. ശിവസേന അതിന്‍റെ ഭാഗമായി ഒരു കോടി രൂപ നൽകി. അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി എല്ലാ ഇടപാടുകളും അതിനാൽ തന്നെ സുതാര്യവും വിശ്വാസ്യതയോട് കൂടിയതുമാകണം' -ശിവസേന പറയുന്നു.
അതേസമയം ശിവസേനക്കെതിരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധത്തിലേക്ക് ശിവസേന പ്രവർത്തകർ നുഴഞ്ഞു കയറുകയായിരുന്നുവെന്നും ആക്രമിക്കുകയായിരുന്നുവെന്നും ബി.ജെ.പി പറഞ്ഞു. എന്നാൽ സേന ഭവനിലേക്ക് ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞ് പ്രകോപിക്കുകയായിരുന്നുവെന്ന് ശിവസേനയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.