രാമന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് ബി.ജെ.പിയല്ല ശിവസേനയാണന്ന് കേന്ദ്രമന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെ. ശിവസേന രാമന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ശിവസേന അവരുടെ ഹിന്ദുത്വ പേറ്റന്റ് കോൺഗ്രസിനും എൻ.സി.പിക്കും വിറ്റു. ബി.ജെ.പി ഒരിക്കലും രാമന്‍റെ പേരിൽ രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും എന്നാൽ ശിവസേന രാമനെ രാമന്‍റെ പേര് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ പേറ്റന്‍റ് ബി.ജെ.പിക്കല്ലെന്ന താക്കറെയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ദൻവെയുടെ പരാമർശം. ശ്രീരാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി എന്ത് പ്രശ്നമാണ് ഉന്നയിക്കുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചോദിച്ചിരുന്നു. കോലാപൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മഹാ വികാസ് അഖാഡി സ്ഥാനാർഥിയുടെ പ്രചരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.
ഇന്ന് രാമനവമി ആണ്. രാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി എന്ത് പ്രശ്നമായിരിക്കും അവരുടെ രാഷ്ട്രീയത്തിൽ ഉന്നയിക്കുക. മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് അവർ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും താക്കറെ പറഞ്ഞു.
ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ബി.ജെ.പി നേതാക്കൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി വ്യാജ ഹിന്ദുത്വത്തെയാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവസേന അധ്യക്ഷൻ ബാലാസാഹേബ് താക്കറെയും ഛത്രപതി ശിവാജി മഹാരാജുമാണ് യഥാർഥ ഹിന്ദുത്വത്തിന്‍റെ വക്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.