ബി.ജെ.പി ഭീഷണി നിർത്തിക്കോളൂ, ഇതു മഹാരാഷ്ട്രയാണെന്ന് മറക്കണ്ട -കേന്ദ്രമന്ത്രിക്ക് ചുട്ടമറുപടിയുമായി ശിവസേന നേതാവ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷി നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ബി.ജെ.പി-ശിവസേന നേതാക്കൾ തമ്മിലുടലെടുത്ത വാക്പോര് മുറുകുന്നു. സഞ്ജയ് റാവുത്തിന്റെയും ശിവസേനയുടെയും ജാതകം തന്റെ കൈകളിലാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നാരായൺ റാണെയോട് കടുത്തഭാഷയിലാണ് ശനിയാഴ്ച സഞ്ജയ് റാവുത്ത് പ്രതികരിച്ചത്. 'ഭീഷണി നിർത്തിക്കോളൂ. ഇതു മഹാരാഷ്ട്രയാണ്. മറക്കണ്ട' എന്നായിരുന്നു റാവുത്തിന്റെ മറുപടി.
റാവുത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രി പദമാണെന്നും ഉദ്ധവ് താക്കറെ സർക്കാറിനെ അട്ടിമറിക്കാൻ എൻ.സി.പിയിൽനിന്ന് സുപാരി വാങ്ങിയെന്നും റാണെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തനിക്കെതിരെ എൻഫോഴ്സ്മെന്റ് (ഇ.ഡി) നീക്കം നടത്തുന്നത് തുറന്നുകാട്ടി റാവുത്ത് രംഗത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്. നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യ കേസിൽ ഇ.ഡി ഉദ്ധവ് താക്കറെയുടെ വീട്ടിൽ അന്വേഷണവുമായി എത്തുമെന്നും റാണെ പറഞ്ഞിരുന്നു. റാണെയുടെ ബംഗ്ലാവിലെ അനധികൃത നിർമാണം പരിശോധിക്കാൻ നഗരസഭ നോട്ടീസ് നൽകിയത് റാണെക്കും പ്രകോപനമായി.
ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെക്ക് റായ്ഗഡിൽ 19 ബിനാമി ബംഗ്ലാവുകളുണ്ടെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് കിരിത് സോമയ്യയും രംഗത്തുവന്നിരുന്നു. ആരോപണം നിഷേധിച്ച റാവുത്ത് പാൽഗറിൽ കിരിത് സോമയ്യയുടെ മകനും ഭാര്യയും പങ്കാളികളായ 260 കോടിയുടെ പദ്ധതിയെക്കുറിച്ച് ആരോപണവും ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.