'ഹാഥറസ് പെൺകുട്ടിയുടെ കുടുംബം നിരന്തരം അപമാനിക്കെപ്പട്ടു'; സി.ആർ.പി.എഫ് സുരക്ഷ നൽകണമെന്ന് ശിവസേന
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തിന് സി.ആർ.പി.എഫ് സുരക്ഷ ആവശ്യപ്പെട്ട് ശിവസേന. പാർട്ടിയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദി ഇതുസംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.
'പെൺകുട്ടിയുടെ കുടുംബത്തിന് നിരന്തരം അപമാനം നേരിടേണ്ടിവന്നു. പെൺകുട്ടിക്ക് സമയത്തിന് കൃത്യമായ ചികിത്സ ലഭിച്ചില്ല. കുടുംബത്തിെൻറ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറായില്ല. ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും ലംഘിച്ച് പെൺകുട്ടിയുടെ മൃതദേഹം വെളുപ്പിന് നിർബന്ധിതമായി സംസ്കരിച്ചു' -പ്രിയങ്ക ചതുർവേദി കത്തിൽ ചൂണ്ടിക്കാട്ടി.
നിലവിൽ ഉദ്യോഗസ്ഥരിൽ നിന്നടക്കം ഭീഷണി നേരിടുന്ന കുടുംബത്തിെൻറ സഞ്ചാര സ്വാതന്ത്രവും ആശയവിനിമയം നടത്താനുള്ള അവകാശവും നിഷേധിക്കുന്നതായി അവർ കത്തിൽ സൂചിപ്പിച്ചു.
അതേസമയം, എൻ.ഡി.എ മുന്നണി വിട്ട ശിരോമണി അകാലി ദൾ ഹാഥറസ് കൂട്ടബലാത്സംഗ കേസ് സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡൻറ് സുഖ്ബീർ സിങ് ബാദൽ ആവശ്യം ഉന്നയിച്ച് കത്തയച്ചു.
ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനെ വീടുവിട്ട് പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചിരുന്നില്ല. യു.പി പൊലീസിെൻറ വലയത്തിലാണ് പെൺകുട്ടിയുടെ കുടുംബം. കേസ് ഒതുക്കി തീർക്കാനായി വിവിധ കോണുകളിൽനിന്ന് കുടുംബത്തിന് സമ്മർദ്ദവും നേരിടേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.