എസ്.ബി.ഐയുടെ വിവേചന മാർഗനിർദേശങ്ങൾ പിൻവലിക്കാന്‍ ആവശ്യപ്പെട്ട് ശിവസേന എം.പി പ്രിയങ്ക ചതുർവേദി
text_fieldsഎസ്.ബി.ഐയുടെ വിവേചനപരമായ മാർഗനിർദേശങ്ങൾ പിൻവലിക്കാന്‍ ആവശ്യപ്പെട്ട് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. എസ്.ബി.ഐയുടെ പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേഷ് കുമാർ ഇതാരയ്ക്കും ചതുർവേദി കത്തയച്ചു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അങ്ങേയറ്റം വിവേചനപരമാണെന്നും രാജ്യത്തെ സ്ത്രീശാക്തീകരണത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും ചതുർവേദി അഭിപ്രായപ്പെട്ടു. മൂന്ന് മാസം ഗർഭിണികളായ ഉദ്യോഗാർഥികളെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് താത്കാലിക അയോഗ്യരാക്കി ഡിസംബർ 31നാണ് എസ്.ബി.ഐ പുതിയ സർക്കുലർ പ്രസിദ്ധീകരിച്ചത്.
2021ലെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ള ലിംഗ വ്യത്യാസ സൂചികയിൽ ഇന്ത്യക്ക് 156 രാജ്യങ്ങളുടെ പട്ടികയിൽ 140-ാം സ്ഥാനമാണ് ഉണ്ടായിരുന്നതെന്ന് ചതുർവേദി ചൂണ്ടിക്കാട്ടി. ലോകബാങ്ക് കണക്കുകൾ പ്രകാരം 2019 തൊട്ട് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20.79 ആയി കുറഞ്ഞിട്ടുണ്ട്.
എസ്.ബി.ഐ യുടെ ഇത്തരത്തിലുള്ള പ്രതിലോമപരവും ലിംഗവിവേചനപരവുമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്ത്രീശാക്തീകരണം തടയുകയും ലിംഗഅസമത്വങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് ചതുർവേദി കത്തിൽ പരാമർശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡൽഹി വനിത കമീഷനും നേരത്തെ നോട്ടീസയച്ചിരുന്നു.
നേരത്തെ, ജോലിയിൽ പ്രവേശിക്കുന്നതിന് കുഴപ്പമില്ലെന്ന് തെളിയിക്കുന്ന ഗൈനക്കോളജിസ്റ്റിന്‍റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആറ് മാസം ഗർഭിണികളായ സത്രീകൾക്ക് വരെ എസ്.ബി.ഐയിൽ ചേരാനുള്ള അനുമതിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.