ഷിൻഡെ പക്ഷം യഥാർഥ ശിവസേന; കനത്ത തിരിച്ചടി നേരിട്ട് ഉദ്ദവ് താക്കറെ
text_fieldsന്യൂഡൽഹി: ആരാണ് യഥാർഥ ശിവസേന എന്ന അവകാശവാദത്തിൽ ഉദ്ദവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. ഏക്നാഥ് ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേന എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ശിവസേന എന്ന പേരും പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ ഷിൻഡെ പക്ഷത്തിന് കമീഷൻ അനുമതി നൽകി.
വിമത എം.എൽ.എമാരുടെ സഹായത്തോടെ ഉദ്ദവ് താക്കറെ വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ് ബി.ജെ.പിയുമായി ചേർന്ന് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരുന്നു. 55ൽ 40 എം.എൽ.എമാരും 18ൽ 12 എം.പിമാരുമായി ചേർന്ന് ഷിൻഡെ ശിവസേനയെ പിളർത്തിയത്. ഇതിന് പിന്നാലെയാണ് ശിവസേനയെ പിടിക്കാനുള്ള നീക്കം ഷിൻഡെ-ഉദ്ദവ് വിഭാഗങ്ങൾ തുടങ്ങിയത്.
തുടർന്ന് ഭൂരിപക്ഷ പിന്തുണ തങ്ങൾക്കാണെന്ന അവകാശവാദവുമായി ഷിൻഡെ വിഭാഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. പിന്നാലെ അവകാശവാദവുമായി ഉദ്ദവ് വിഭാഗവും കമീഷന്‍റെ മുമ്പാകെ എത്തി. ഇതോടെ പാർട്ടി ഔദ്യോഗിക പേരും ചിഹ്നവും മരവിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഇരുപക്ഷത്തിനും വേറെ വേറെ ചിഹ്നങ്ങളും പേരും അനുവദിച്ചിരുന്നു.
ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടിരുന്നത്. ഉദ്ധവ് പക്ഷത്തിന് ദീപശിഖ ചിഹ്നമായും 'ശിവസേന ഉദ്ധവ് ബാലെസാഹെബ് താക്കറെ' പേരായും അനുവദിച്ച കമീഷൻ ഷിൻഡെ പക്ഷത്തിന് 'വാളും പരിചയും' ചിഹ്നമായും 'ബാലസാഹെബാംചി ശിവസേന' പേരായുമാണ് അനുവദിച്ചത്.
ശിവസേന എന്ന പേരിൽ ഏക്നാഥ് ഷിൻഡെ അവകാശവാദം ഉന്നയിക്കുമ്പോൾ തങ്ങളാണ് യഥാർഥ ശിവസേനയെന്ന് ഉദ്ദവ് താക്കറെ തെരഞ്ഞെടുപ്പ് കമീഷന് മുമ്പിൽ ആവർത്തിച്ചത്. എന്നാൽ, 2018ൽ ശിവസേനയുടെ ഭരണഘടന മാറ്റിയത് നിയമവിരുദ്ധമാണെന്ന് ഷിൻഡെയുടെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചത്. എം.എൽ.എമാരായാലും എം.പിമാരായാലും പാർട്ടിയലെ അംഗങ്ങളായാലും ഭൂരിപക്ഷ പിന്തുണ ഷിൻഡെ വിഭാഗത്തിനാണെന്നും ജഠ്മലാനി ചൂണ്ടിക്കാട്ടി.
1985ലാണ് ആദ്യമായി ശിവസേന ഛഗൻ ഭുജ്ബലിലൂടെ നിയമസഭയിലെത്തുന്നത്. അന്ന് നഗരത്തിലെ മസ്ഗാവിൽ ജയിച്ച ഭുജ്ബലിന്റെ ചിഹ്നമായിരുന്നു ദീപശിഖ. ശിവസേനയുടെ വഴിത്തിരിവായ ചിഹ്നമാണത്. 1989ലാണ് അമ്പും വില്ലും ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെടുന്നത്. അതുവരെ പല ചിഹ്നങ്ങളിലാണ് ശിവസേന മത്സരിച്ചത്. 84ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മറ്റ് ചിഹ്നങ്ങൾ ലഭ്യമല്ലാത്തതിനാൽ ബി.ജെ.പിയുടെ 'താമര' ചിഹ്നത്തിൽ മത്സരിച്ച ചരിത്രവും ശിവസേനക്കുണ്ട്.
അംഗീകരിക്കില്ല; സുപ്രീംകോടതിയെ സമീപിക്കും -ഉദ്ധവ്
മുംബൈ: തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ഏതു വിധേനയും മുംബൈ നഗരസഭ പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് കമീഷൻ ഒത്താശചെയ്യുകയാണെന്നും ഉദ്ധവ് താക്കറെ. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ഉദ്ധവ്, അമ്പും വില്ലും മറ്റാർക്കും വിട്ടുകൊടുക്കാനാകില്ലെന്ന് കൂട്ടിച്ചേർത്തു. രാജ്യത്ത് ജനാധിപത്യം അവസാനിച്ചെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ചെന്ന് പ്രഖ്യാപിക്കണം. 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി വിധിപറയുന്നതുവരെ തെരഞ്ഞെടുപ്പ് കമീഷൻ കാത്തുനിൽക്കുമെന്നായിരുന്നു കരുതിയത്. സുപ്രീംകോടതി വിധി അനുകൂലമാകുമെന്ന വിശ്വാസമുണ്ട്. എം.എൽ.എമാരുടെയും എം.പിമാരുടെയും എണ്ണം നോക്കിയാണ് ഒരു പാർട്ടിയുടെ നിലനിൽപ് കണക്കാക്കുന്നതെങ്കിൽ അവരെ വിലക്കുവാങ്ങി ഏത് മുതലാളിക്കും മുഖ്യമന്ത്രിയാകാം- ഉദ്ധവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.