ലയിക്കാൻ വിമതർ വഴിതേടുന്നു; സർക്കാർ ചർച്ചയുമായി ബി.ജെ.പി
text_fieldsമുംബൈ: കോൺഗ്രസും എൻ.സി.പിയുമായുള്ള ശിവസേന സഖ്യത്തിനെതിരെയുള്ള നീക്കം ഊർജിതമാക്കി ശിവസേനയിലെ വിമതർ. തങ്ങളെ അയോഗ്യരാക്കാതിരിക്കാനുള്ള സ്പീക്കറുടെ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ സുപ്രീംകോടതി സാവകാശം നൽകിയതോടെയാണ് വിമത ക്യാമ്പും ബി.ജെ.പിയും നീക്കങ്ങൾ ശക്തമാക്കിയത്. സർക്കാർ രൂപവത്കരണവും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതർ നേരിടുന്ന നിയമപ്രതിസന്ധിയും ബി.ജെ.പി കോർ കമ്മിറ്റി ചർച്ചചെയ്തു.
നിയമപ്രശ്നം ഒഴിവാക്കാൻ വിമതർ രാജ് താക്കറെയുടെ എം.എൻ.എസ്, പ്രഹാർ പാർട്ടിയുമായി ലയിക്കണം. അല്ലെങ്കിൽ ബി.ജെ.പിയുമായി ലയിക്കണം. ബി.ജെ.പിയുമായി ലയിക്കാൻ വിമതർ തയാറല്ല. രാജ് താക്കറെയുമായി ഏക്നാഥ് ഷിൻഡെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, എൻ.സി.പി, കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്കു മടങ്ങിയാൽ ഒപ്പം നിൽക്കാമെന്ന് വിമതർ തിങ്കളാഴ്ചയും ആവർത്തിച്ചു. സുപ്രീംകോടതി വിമതർക്ക് സാവകാശം നൽകിയതോടെ ഉദ്ധവ് ക്യാമ്പിൽ നിരാശ പ്രകടമാണ്. ഇതിനിടയിൽ, ഷിൻഡെ അടക്കം ശിവസേനയിലെ ഒമ്പത് വിമത മന്ത്രിമാരുടെ വകുപ്പുകൾ ശേഷിച്ച മൂന്നു മന്ത്രിമാർക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൈമാറി. അനിൽ പരബ്, സുഭാഷ് ദേശായ്, ആദിത്യ താക്കറെ എന്നിവർ മാത്രമാണ് ഔദ്യോഗിക പക്ഷത്ത് ശേഷിക്കുന്ന മന്ത്രിമാർ. കൂടുതൽ എം.എൽ.എമാർ ഷിൻഡെ പക്ഷത്തേക്ക് പോകുമെന്ന സൂചനകളുമുണ്ട്. ജനങ്ങളുമായി ഫേസ്ബുക്ക് ലൈവിൽ സംവദിച്ച ദിവസം രാജി പ്രഖ്യാപിക്കാൻ ഉദ്ധവ് ഒരുങ്ങിയിരുന്നതാണെന്നും മഹാ വികാസ് അഘഡിയിലെ ഉന്നത നേതാവിന്റെ ഇടപെടലിനെ തുടർന്ന് പിന്മാറിയതാണെന്നും പറയപ്പെടുന്നു. കോൺഗ്രസ്, എൻ.സി.പി നേതാക്കൾ തിങ്കളാഴ്ചയും 'മാതോശ്രീ'യിൽ ചെന്ന് ഉദ്ധവിനെ കണ്ടു.
ഇതിനിടയിൽ ഷിൻഡെക്കും കുടുംബത്തിനും കേന്ദ്രം ഇസെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി. ഇതോടെ ഷിൻഡെ ഉടൻ മുംബൈയിലെത്തുമെന്ന സൂചനയുമുണ്ട്. കഴിഞ്ഞ ദിവസം ഗവർണർ കേന്ദ്ര ആഭ്യന്തര വകുപ്പിന് കത്തയച്ചതിനു പിന്നാലെ കൂടുതൽ കേന്ദ്രസേന നഗരത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.