ഉദ്ധവിന്‍റെ മനസ്സിലെന്ത്? മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസുമായി കൂടിക്കാഴ്ച; തങ്ങൾ ശത്രുക്കളല്ലെന്ന് ആദിത്യ താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിലെ ശിവസേന തലവൻ ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച നാഗ്പൂർ നിയമസഭാ മന്ദിരത്തിൽ എത്തിയാണ് ഉദ്ധവ് ഫഡ്നാവിനെ കണ്ടത്. കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ പലവിധ അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട മഹാവികാസ് അഘാഡി സഖ്യത്തിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. നേരത്തെ, ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഉദ്ധവും മറ്റു പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നില്ല.
ഉദ്ധവിനെ കൂടാതെ, മകനും വർലി എം.എൽ.എയുമായ ആദിത്യ താക്കറെയും മറ്റു മുതിർന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. ശൈത്യകാല സമ്മേളനം നടക്കുന്നത് നാഗ്പൂർ നിയമസഭാ മന്ദിരത്തിലാണ്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, മഹാരാഷ്ട്രയിലെ ജനങ്ങളുടെ താൽപര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങൾ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്കുശേഷം ഉദ്ധവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മഹായുതിയുടെ വിജയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും പൊതുജനങ്ങൾക്കിടയിലെ ആശങ്ക ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ-ആശയപരമായ വ്യത്യാസങ്ങളും നിലനിൽക്കുന്നുണ്ടെന്നും പക്ഷേ തങ്ങൾ ശത്രുക്കളല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. പ്രതിപക്ഷ പദവി ലക്ഷ്യമിട്ടാണ് ഉദ്ധവിന്‍റെ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുകളുണ്ട്. എം.വി.എയിലെ ഒരു പാർട്ടിക്കു പോലും പ്രതിപക്ഷ സ്ഥാനത്തിനുള്ള 10 ശതമാനം മാർക്ക് കടക്കാനായിട്ടില്ല. പ്രതിപക്ഷ സഖ്യത്തിൽ ഉദ്ധവിന്‍റെ ശിവസേനക്കാണ് കൂടുതൽ സീറ്റുകൾ (20). എം.വി.എ സഖ്യത്തിന് 49 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. കോൺഗ്രസിന് 16ഉം ശരദ് പവാർ എൻ.സി.പിക്ക് 10 സീറ്റുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.