പ്രതിപക്ഷ പാർട്ടികൾ യു.പി.എ സഖ്യത്തിൽ ഒന്നിക്കണമെന്ന് ശിവസേന
text_fieldsമുംബൈ: ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്കു കീഴിൽ ഒന്നിക്കണമെന്ന് ശിവസേന മുഖപത്രം 'സാമ്ന'. ബി.ജെ.പിക്ക് പകരം ശക്തമായ ബദലാകണമെങ്കിൽ തൃണമൂൽ കോൺഗ്രസ്, ശിവസേന, അകാലിദൾ, ബഹുജൻ സമാജ്വാദി പാർട്ടി, സമാജ്വാദി പാർട്ടി, വൈ. എസ്.ആർ. കോൺഗ്രസ് പാർട്ടികളും നവീൻ പട്നായിക്, എച്ച്.ഡി. കുമാരസ്വാമി, കെ. ചന്ദ്രശേഖര റാവു തുടങ്ങിയവരും യു.പി.എയുടെ ഭാഗമാകണം. കർഷക സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സഖ്യകക്ഷികൾ ആശയക്കുഴപ്പത്തിലാണ്. പ്രതിപക്ഷം നിർജീവവും.
രാഹുൽ ഗാന്ധി ശക്തമായി പ്രതികരിക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ അഭാവങ്ങൾ പ്രകടമാണ്.
യു.പി.എ സഖ്യകക്ഷികൾ കർഷകസമരത്തെ ഇനിയും ഗൗരവത്തിൽ എടുത്തിട്ടില്ല. കോൺഗ്രസിനെ ഇനിയാര് നയിക്കുമെന്നോ യു.പി.എയുടെ ഭാവി എന്താകുമെന്നോ വ്യക്തമല്ല. മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിനെ അട്ടിമറിക്കുന്നതിൽ പ്രധാനമന്ത്രി മുഖ്യപങ്കുവഹിച്ചതായി ബി.ജെ.പി നേതാക്കൾ തന്നെ പരസ്യമായി പറയുന്നു. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല.
ബി.ജെ.പിക്കെതിരെ പശ്ചിമബംഗാളിൽ മമത ശക്തമായി പോരാടുന്നു. പാർട്ടികളെല്ലാം കോൺഗ്രസിനൊപ്പം ചേർന്ന് മമതയെ പിന്തുണക്കണം. അപായമണി മുഴങ്ങിക്കഴിഞ്ഞു. ഇനിയും ഇത് ഗൗരവത്തിൽ എടുത്തില്ലെങ്കിൽ ഭാവി പ്രയാസകരമായിരിക്കും. സ്ഥിതി കൂടുതൽ വഷളാകുമെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്നും സാമ്ന എഴുതി. എല്ലാവർക്കും സ്വീകാര്യനായി ശരദ്പവാറുണ്ടെന്നും 'സാമ്ന' ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.