ഷിൻഡെക്ക് ആശ്വാസം; രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര തർക്കങ്ങളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിർണായകവിധിയിൽ മഹാരാഷ്ട്രയിലെ ശിവസേന തർക്കത്തിൽ ഗവർണറും സ്പീക്കറും സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സർക്കാറിനോട് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അന്നത്തെ ഗവർണർ ഭഗത് സിങ് കോശിയാരി ആവശ്യപ്പെട്ടത് ഭരണഘടനാവിരുദ്ധമായിരുന്നെന്നും ഏക്നാഥ് ഷിൻഡെ നിർദേശിച്ചയാളെ വിപ്പാക്കിയ നടപടി തെറ്റായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേ സമയം നിയമവിരുദ്ധമായ വിശ്വാസ വോട്ടെടുപ്പ് നേരിടും മുമ്പ് ഉദ്ധവ് താക്കറെ രാജിവെച്ചതിനാൽ സുപ്രീംകോടതിക്ക് ആ സർക്കാറിനെ പുനഃസ്ഥാപിക്കാനാവില്ല. ഉദ്ധവ് രാജിവെച്ച ശേഷം ഏക്നാഥ് ഷിൻഡെയെ ഗവർണർ സർക്കാറുണ്ടാക്കാൻ വിളിച്ചതിൽ തെറ്റില്ലെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചു.
സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസ് അംഗങ്ങളെ അയോഗ്യരാക്കുന്ന നടപടികളിൽ നിന്ന് അദ്ദേഹത്തെ തടയുമോ എന്ന വിഷയം സുപ്രീംകോടതി ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ഇതോടെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ കലാപക്കൊടി ഉയർത്തിയ 16 എം.എൽ.എമാരുടെ അയോഗ്യത ഏഴംഗ ബെഞ്ചിന്റെ തീർപ്പിന് വിധേയമാകും.
ഇല്ലാത്ത അധികാരം ഗവർണർ പ്രയോഗിക്കരുത്.
ഭരണഘടനയുടെ 163ാം വകുപ്പ് പ്രകാരം ഗവർണർക്കുള്ള വിവേചനാധികാരം വ്യക്തമാണ്. ഉദ്ധവ് താക്കറെക്ക് ഭൂരിപക്ഷം നഷ്ടമായെന്ന് പറയാൻ ഗവർണറുടെ പക്കൽ ഒന്നുമില്ലായിരുന്നു. എം.എൽ.എമാർ പിന്തുണ പിൻവലിച്ചെന്ന് കാണിക്കുന്ന ഒരു ആശയ വിനിമയവും ഗവർണറുമായി നടത്തിയിട്ടില്ല. സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തുന്ന കത്തോ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള അപേക്ഷയോ പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് നൽകിയിരുന്നില്ല.
വിശ്വാസ വോട്ടെടുപ്പ് പാർട്ടി തർക്കങ്ങൾ തീർക്കാനുള്ളതല്ല
പാർട്ടികൾ തമ്മിലും പാർട്ടിയിലും ഉള്ള തർക്കങ്ങൾ തീർക്കാൻ വിശ്വാസ വോട്ടെടുപ്പ് ഉപയോഗിക്കരുത്. സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുന്നതും സർക്കാറിനെ പിന്തുണക്കുന്ന എം.എൽ.എമാർക്കിടയിൽ അസംതൃപ്തിയുണ്ടാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
സ്വയം രാജിവെച്ച ഉദ്ധവിനെ തിരിച്ചു വിളിക്കാനാവില്ല
വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമായിരുന്നുവെങ്കിലും അത് നേരിടാതെ ഉദ്ധവ് താക്കറെ സ്വയം രാജിവെക്കുകയാണ് ചെയ്തത്. ഉദ്ധവ് രാജിവെച്ചതോടെ ഏക്നാഥ് ഷിൻഡേയെ സർക്കാറുണ്ടാക്കാൻ വിളിച്ച ഗവർണറുടെ നടപടിയിൽ തെറ്റില്ല. അതിനാൽ ഉദ്ധവ് താക്കറെയെ തിരിച്ചുവിളിച്ച് മുഖ്യമന്ത്രിയാക്കാനാവില്ല.
രാഷ്ട്രീയ പാർട്ടി വിപ്പിനെ തീരുമാനിക്കുന്നത് നിയമസഭ കക്ഷിയല്ല
ഭരണഘടന പ്രകാരം പാർട്ടിയുടെ വിപ്പിനെ നിശ്ചയിക്കാനുള്ള അധികാരം എം.എൽ.എമാർ മാത്രമുള്ള നിയമസഭ കക്ഷിക്കല്ല, മറിച്ച് ആ രാഷ്ട്രീയ പാർട്ടിക്കാണ്. ഏക്നാഥ് ഷിൻഡെ വിഭാഗം ഭരത്ഷേത് ഗോഗാവാലയെ പാർട്ടി വിപ്പാക്കിയതും അതിന് സ്പീക്കർ അംഗീകാരം നൽകിയതും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഷിൻഡെയുടെ മൊഴി മാത്രം കേട്ട് ഗോഗാവാലയെ ചീഫ് വിപ്പാക്കിയത് നിയമവിരുദ്ധമാണ്. ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ വിപ്പ് അംഗീകരിച്ച സ്പീക്കറുടെ നടപടി തെറ്റാണ്.
എം.എൽ.എമാരുടെ അയോഗ്യത ഏഴംഗ ബെഞ്ചിന്
തന്നെ അയോഗ്യനാക്കാനുള്ള നോട്ടീസ് കിട്ടിയ സ്പീക്കർക്ക് എം.എൽ.എമാരെ അയോഗ്യത കൽപിക്കാൻ അധികാരമുണ്ടോ എന്ന വിഷയം ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു. അതിനാൽ 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് വിഭാഗത്തിന്റെ ആവശ്യം ഏഴംഗ ബെഞ്ചിന്റെ വിധിയെ ആശ്രയിച്ചിരിക്കും.
ഷിൻഡെ വിഭാഗത്തെ കമീഷൻ അംഗീകരിച്ചത് തെറ്റല്ല
ഒരു ഭരണഘടന സ്ഥാപനത്തിന് മുമ്പാകെയാണ് ഒരു വിഷയമെന്ന് കരുതി മറ്റൊരു ഭരണഘടന സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തീരുമാനമെടുക്കുന്നതിൽ തെറ്റില്ല. ശിവസേന തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഏക്നാഥ് ഷിൻഡേ പക്ഷത്തെ അംഗീകരിച്ച് ഔദ്യോഗിക ചിഹ്നം നൽകിയതും തെറ്റല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.