'ഞങ്ങളുടെ ഹിന്ദുത്വത്തിന് ഒരു പാർട്ടിയുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല' -ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന
text_fieldsമുംബൈ: ബി.ജെ.പി-ശിവസേന വാക്പോര് മുറുകുന്നു. ഞങ്ങളുടെ ഹിന്ദുത്വത്തിന് ഒരു പാർട്ടിയിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കേണ്ട ആവശ്യമില്ലെന്നും രാജ്യത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഹിന്ദുത്വത്തിന്‍റെ വാൾ ചുഴറ്റി തങ്ങളുടെ പാർട്ടി വരുമെന്നും ശിവസേന ബി.ജെ.പിയെ ലക്ഷ്യം വെച്ച് പറഞ്ഞു.
'ഞങ്ങളുടെ ഹിന്ദുത്വത്തിന് ഒരു പാർട്ടിയിൽ നിന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങൾ, ഞങ്ങൾ, ഞങ്ങൾ എല്ലായ്പ്പോഴും ഹിന്ദുത്വവാദികളായിരിക്കും. അവരെപ്പോലെ ഞങ്ങൾ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നില്ല. രാജ്യത്തിന് ഞങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം ശിവസേന വാൾ ചുഴറ്റി മുന്നോട്ട് വരും' റാവത് പറഞ്ഞു.
കോവിഡിനെതുടർന്ന് അടച്ച ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരു പാർടിക്കിടയിലും നേരത്തേ 'ക്രെഡിറ്റ്' തർക്കം നിലനിന്നിരുന്നു. സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് റാവത് പറഞ്ഞിരുന്നു.
'ഹിന്ദുത്വത്തിന്‍റെ വിജയത്തിന് ബി.ജെ.പി ക്രെഡിറ്റ് എടുക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ക്ഷേത്രങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനവും അദ്ദേഹമാണ് സ്വീകരിച്ചത്. അതിനാൽ ഹിന്ദുത്വത്തിന്‍റെ ഇപ്പോഴത്തെ വിജയത്തിന്‍റെ ബഹുമതി ഏറ്റെടുക്കാൻ ബി.ജെ.പിക്ക് അർഹതയില്ല' - അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.