‘ഞാൻ രാഹുൽ ഗാന്ധിയുടെ ആരാധകൻ’, കോൺഗ്രസ് വേദിയിൽ കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ
text_fieldsബംഗളൂരു: ‘ഞാൻ ഇവിടെ വന്നത് രാഹുൽ ഗാന്ധിയുടെ ആരാധകനായാണ്. രാജ്യത്തിന്റെ ഹൃദയത്തിലൂടെ ഭാരത് ജോഡോ യാത്രയുമായി രാഹുൽ നടന്നുനീങ്ങിയത് ഈയിടെയാണ്. അളവില്ലാത്ത പ്രചോദനമാണ് ആ യാത്ര എന്നിലുണ്ടാക്കിയത്’ -പതിനായിരങ്ങളുടെ നിറഞ്ഞ കൈയടികൾക്കിടെ കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ പറഞ്ഞു. കന്നഡയുടെ മഹാനടൻ അന്തരിച്ച രാജ്കുമാറിന്റെ മകൻ കൂടിയായ ശിവ രാജ്കുമാർ രാഹുൽ ഗാന്ധിക്കൊപ്പം കർണാടകയിലെ തീർഥഹള്ളിയിൽ കൂറ്റൻ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ഇങ്ങനെ പറഞ്ഞത്.
‘ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം രാജ്യത്തുടനീളം നടന്നത് ഒരു പ്രത്യേക ലക്ഷ്യവുമായായിരുന്നു. ആ ഉദ്ദേശ്യത്തെ താൻ അങ്ങേയറ്റം സ്നേഹിക്കുന്നു. ഇവിടെ വന്നത് രാഹുലിനെ കാണുകയെന്ന അതിയായ ആഗ്രഹത്താലാണെന്നും ശിവ പറഞ്ഞു. വേദിയിലെത്തി ശിവ രാജ്കുമാറിനെ കണ്ട ഉടൻ അദ്ദേഹത്തെ ആശ്ലേഷിച്ചാണ് രാഹുൽ ഗാന്ധി സ്നേഹം പങ്കിട്ടത്. ശേഷം രാഹുലും ശിവയും ഒന്നിച്ച് വോട്ടർമാരെ അഭിവാദ്യം ചെയ്തു.
ശിവ രാജ്കുമാറിന്റെ ഭാര്യ ഗീതയും വേദിയിലുണ്ടായിരുന്നു. ഗീത കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ ചേർന്നത്. മുൻ കർണാടക മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളാണ് ഗീത. ഗീതയുടെ സഹോദരൻ മധു ബംഗാരപ്പ സോരബ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന സഹോദരൻ കുമാർ ബംഗാരപ്പയാണ് മധുവിന്റെ പ്രധാന എതിരാളി. മധുവിനുവേണ്ടി ശിവരാജ്കുമാറും ഗീതയും പ്രചാരണത്തിനെത്തി.
രാഷ്ട്രീയത്തിൽ ഗീതയുടെ രണ്ടാം വരവാണിത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പക്കെതിരെ ജനതാദൾ (എസ്) ടിക്കറ്റിൽ ഗീത അങ്കത്തിനിറങ്ങിയിരുന്നു. മത്സരത്തിൽ വൻ മാർജിനിലാണ് അവർ പരാജയപ്പെട്ടത്. ഭാര്യ കോൺഗ്രസിൽ ചേർന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശിവ രാജ്കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.