ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഡി.കെ ശിവകുമാറിന്റെ ക്ഷണം നിരസിച്ച് ശിവ രാജ്കുമാർ
text_fieldsബംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ക്ഷണം നിരസിച്ച് കന്നഡ സിനിമയിലെ സൂപ്പർ താരം ശിവ രാജ്‍കുമാര്‍. രാഷ്ട്രീയത്തിൽ നന്നായി പ്രയത്നിക്കുന്നവരുണ്ടെന്നും തനിക്ക് അഭിനയിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം ബംഗളൂരുവിൽ നടന്ന 'ഈഡിഗ' സമുദായ കൺവെൻഷനിൽ പറഞ്ഞു.
ലോക്‌സഭയിലേക്ക് ഇഷ്ടമുള്ള ഏത് മണ്ഡലത്തിൽനിന്നും മത്സരിക്കാൻ ഡി.കെ ശിവകുമാർ തന്നോട് ആവശ്യപ്പെട്ടെന്നും ഇത് ആർക്കും ലോക്സഭയിലെത്താനുള്ള മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞെന്നും ശിവ രാജ്കുമാർ വെളിപ്പെടുത്തി. ‘നിറങ്ങളണിഞ്ഞ് അഭിനയിച്ച് എല്ലാവരെയും ആകർഷിക്കുക എന്നതായിരുന്നു അച്ഛൻ തനിക്ക് നൽകിയ സമ്മാനം. ഞാൻ നിങ്ങൾക്കൊപ്പംനിന്ന് അഭിനയം തുടരും. രാഷ്ട്രീയത്തിൽ നന്നായി പ്രയത്നിക്കുന്ന പ്രത്യേക ആളുകളുണ്ട്’, എന്നിങ്ങനെയായിരുന്നു ശിവ രാജ്‍കുമാറിന്‍റെ മറുപടി.
കന്നഡ സിനിമയിലെ ഇതിഹാസ താരം ഡോ. രാജ്‍കുമാറിന്‍റെ മകനാണ് ശിവ രാജ്കുമാർ. അദ്ദേഹത്തിന്റെ ഭാര്യ ഗീത ശിവ രാജ്‍കുമാർ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഭാര്യാസഹോദരൻ മധു ബംഗാരപ്പ കർണാടക വിദ്യാഭ്യാസ മന്ത്രിയാണ്. എന്നാല്‍, ഭാര്യയോ ഭാര്യാസഹോദരനോ രാഷ്ട്രീയത്തിലേക്ക് വരാന്‍ തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.ജി ശ്രീനിവാസിന്റെ സംവിധാനത്തിൽ ഒക്ടോബറില്‍ റിലീസ് ചെയ്ത ഗോസ്റ്റിലാണ് ശിവരാജ്കുമാർ അവസാനം വേഷമിട്ടത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിറാണ് ശിവരാജ്കുമാറിന്റെ അടുത്ത ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.