ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിെൻറ നേരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശിവസേന എം.പിയുടെ കത്ത്; അന്വേഷണ ഏജൻസികൾ രാഷ്ട്രീയ യജമാനൻമാർക്ക് വേണ്ടി പണിയെടുക്കുന്നുവെന്ന്
text_fieldsബി.ജെ.പിയിതര സർക്കാറുകളെ മറിച്ചിടാൻ നടത്തുന്ന കുതിക്കച്ചവടത്തിെൻറയും വഴങ്ങാത്തവരെ മെരുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിെൻറയും നേരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശിവസേന എം.പി സഞ്ജയ് റാവത്ത് രാജ്യസഭ അധ്യക്ഷന് കത്ത് നൽകി.
ബി.ജെ.പിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാത്തതിന് കേന്ദ്ര ഏജൻസികൾ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് നൽകിയ കത്തിൽ അദ്ദേഹം വിശദമാക്കുന്നുണ്ട്.
മഹാരാഷ്ട്ര സർക്കാറിനെ മറിച്ചിടുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് ചിലയാളുകൾ സംഘം തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു. സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ച് ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിെൻറ ആവശ്യം. അവരുടെ ആവശ്യം നിരസിച്ചതോടെ പ്രലോഭനം ഭീഷണിയായി മാറി. 'ഞാൻ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് അവർ പറഞ്ഞു'- സഞ്ജയ് റാവത്ത് എഴുതി.
ഒരു മുൻ റെയിൽവെ മന്ത്രിയുടെ അനുഭവം ഉണ്ടാകുമെന്നാണ് അവർ പറഞ്ഞത്. വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും. തന്നെ കൂടാതെ മഹാരാഷ്ട്ര മന്ത്രി സഭയിലുള്ള രണ്ട് പേരും മുതിർന്ന മറ്റു രണ്ട് നേതാക്കളും അഴിയെണ്ണി വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും അവർ ഭീഷണിപ്പെടുത്തി. അങ്ങിനെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കെത്തിക്കുകയാണ് അവരുടെ പദ്ധതി -റാവത്ത് കത്തിൽ പറയുന്നു.
തുടർന്ന് വന്നത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ഇടപെടലാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് താനോ കുടുംബമോ നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടവരെയെല്ലാം ഇ.ഡിയും മറ്റു കേന്ദ്ര ഏജൻസികളും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭാധ്യക്ഷന് നൽകിയ കത്തിൽ പറയുന്നു. കരാർ തുകയേക്കാൾ കൂടുതൽ പണം താൻ നൽകിയെന്ന് സമതിക്കണമെന്നായിരുന്നു ഭൂമി ഇടപാട് നടത്തിയവരോട് കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ 28 പേർ ഇതിനകം തെറ്റായി കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ടെന്നും റാവത്ത് വിശദീകരിക്കുന്നു.
2003 ലെ പി.എം.എൽ.എ നിയമം ഉപയോഗിച്ച് തന്നെയും മറ്റു ശിവസേന നേതാക്കളെയും ജയിലിലടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 2003 ന് മുമ്പ് നടന്ന ഭൂമിയിടപാടുകളടക്കമാണ് ഇതിനായി കേന്ദ്ര ഏജൻസികൾ കരുക്കളാക്കുന്നതെന്നും റാവത്ത് പറയുന്നു.
ബി.ജെ.പിയുമായി ശിവസേന സഖ്യമൊഴിഞ്ഞതിന് ശേഷം നേതാക്കൾ ഇത്തരത്തിലുള്ള വേട്ടയാടലുകൾക്ക് നിരന്തരം ഇരയാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മഹാരാഷ്ട്ര സർക്കാറിനെ എങ്ങിനെയും താഴെയിറക്കുകയാണ് കേന്ദ്രത്തിലെ ലക്ഷ്യം. ഇത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. സർക്കാറിനെ മറിച്ചിടാൻ സഹായിക്കാത്തതിെൻറ പ്രത്യാഘാതമാണ് താനും കൂടെ നിൽക്കുന്നവരും അനുഭവിക്കുന്ന വേട്ടയാടലുകളെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
'ആദ്യമവർ സോഷ്യലിസ്റ്റുകളെ തേടിവന്നു, അപ്പോൾ ഞാൻ മിണ്ടിയില്ല, കാരണം ഞാൻ സോഷ്യലിസ്റ്റായിരുന്നില്ല...' എന്ന് തുടങ്ങുന്ന ജർമൻ പുരോഹിതൻ മാർട്ടിൻ നീമല്ലറിെൻറ പ്രസിദ്ധമായ കവിത ഉദ്ധരിച്ചുകൊണ്ടാണ് റാവത്ത് കത്ത് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.