സനാതനധർമ പരാമർശം: ഉദയനിധി സ്റ്റാലിനെ തഴഞ്ഞ് ശിവസേന താക്കറെ വിഭാഗം
text_fieldsമുംബൈ: സനാതനധർമ പരാമർശത്തിൽ തമിഴ്നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെ തഴഞ്ഞ് ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവുത്ത്. 90 കോടി ഹിന്ദുക്കൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. അതുപോലെ തന്നെ മറ്റ് മതസ്ഥരുമുണ്ട്. ആരുടേയും മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
"സനാതനധർമത്തെ കുറിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉദയനിധി സ്റ്റാലിൻ ഒരു മന്ത്രിയാണ്. അദ്ദേഹത്തിന്‍റെ പരാമർശത്തെ ആരും അനുകൂലിക്കുന്നില്ല. ഇത്തരം പരാമർശങ്ങൾ ഒരു രാഷ്ട്രീയ നേതാവും നടത്താനും പാടില്ല. അദ്ദേഹം പറഞ്ഞത് ചിലപ്പോൾ ഡി.എം.കെയുടെ ആശയമോ സ്വന്തം വിശ്വാസമോ ആകാം. ഈ രാജ്യത്ത് 90 കോടി ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്. അതുപോലെ തന്നെ മറ്റ് മതസ്ഥരുമുണ്ട്. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തരുത്" സഞ്ജയ് റാവുത്ത് പറഞ്ഞു. ബി.ജെ.പിക്ക് തങ്ങളെ ആക്രമിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് പ്രധാനം. എം.കെ സ്റ്റാലിൻ ആദരണീയനായ, രാജ്യം ഉറ്റുനോക്കുന്ന നേതാവാണ്. അതുകൊണ്ട് അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിക്കുന്നവരും വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുന്നതാകും ഉചിതമെന്നും റാവുത്ത് കൂട്ടിച്ചേർത്തു.
സനാതനധർമത്തെ ഇല്ലായ്മ ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്‍റെ പരാമർശം വലിയ രീതിയിൽ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡി.എം.കെ അംഗമായ ഇൻഡ്യ സഖ്യത്തിനെതിരേയും ബി.ജെ.പി ആക്രമണം ശക്തമാക്കിയിരുന്നു. വോട്ടിന് വേണ്ടി ചിലർ സനാതനധർമത്തെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്യുകയാണെന്നും ഇത്തരം പരാമർശങ്ങൾ കൊണ്ട് നേതാക്കൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്‍റെ പാരമ്പര്യത്തെയാണെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം.
ചില വിഷയങ്ങളെ അപലപിക്കുകയോ, അനുകൂലിക്കുകയോ ചെയ്യുന്നതിന് പകരം വലുതോ ചെറുതോ ആയ ഒരു വിഭാഗത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്നതായി തോന്നിയാൽ പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്നും, നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്ന് നേരത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.